മനാമ: കെ.സി.എ വർഷംതോറും കുട്ടികൾക്കു നടത്തുന്ന കലാ-സാഹിത്യ, സാംസ്കാരിക ഉത്സവം ‘ബി.എഫ്.സി -കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2022’ വിജയകരമായി പൂർത്തീകരിച്ചതായി കെ.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടു മാസത്തോളം നീണ്ടുനിന്ന മത്സരങ്ങളിൽ 800ഓളം കുട്ടികൾ പങ്കെടുത്തു. ഡിസംബർ രണ്ടിന് ടൈറ്റിൽ സ്പോൺസറായ ബി.എഫ്.സിയുടെ മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥന്റെ സാന്നിധ്യത്തിൽ കേരള മന്ത്രി റോഷി അഗസ്റ്റിനും ബഹ്റൈനിലെ പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
പങ്കെടുത്ത കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിരുന്നു. എല്ലാ ഗ്രൂപ്പുകളിലുമായി ഏകദേശം 200 മത്സര ഇനങ്ങളുണ്ടായിരുന്നു. 12 സ്കൂളുകളിൽനിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൂളിൽനിന്നാണ് കൂടുതൽ പങ്കാളിത്തം- 345 പേർ. ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാനവും വെള്ളിയാഴ്ച വൈകീട്ട് 5.30ന് നടക്കും. നടിയും പിന്നണിഗായികയും ഡാൻസറുമായ രമ്യ നമ്പീശൻ അവാർഡ്ദാനം നിർവഹിക്കുമെന്ന് ‘ഇന്ത്യൻ ടാലന്റ് സ്കാൻ’ ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.1. ആരാധ്യ ജിജേഷ് 2. ഷൗര്യ ശ്രീജിത്ത് 3. അദ്വിക് കൃഷ്ണ 4. ഐശ്വര്യ രഞ്ജിത്ത് 5. ഏയ്ഞ്ചൽ മേരി വിനു 6. ദിയ അന്ന സനു 7. ഇഷ ആഷിക്
‘കലാതിലകം’ പട്ടം 76 പോയന്റ് നേടിയ ന്യൂ ഇന്ത്യൻ സ്കൂളിലെ ആരാധ്യ ജിജേഷും ‘കലാപ്രതിഭ’ പട്ടം 63 പോയന്റുമായി ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത്തും കരസ്ഥമാക്കി. ഗ്രൂപ് ഒന്നിൽനിന്ന് 59 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ അദ്വിക് കൃഷ്ണ ചാമ്പ്യൻഷിപ് അവാർഡ് നേടി. ഗ്രൂപ് രണ്ടിൽനിന്ന് 43 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ ഇഷാനി ദിലീപും ഗ്രൂപ് മൂന്നിൽനിന്ന് 57 പോയന്റുമായി ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ഇഷ ആഷികും ഗ്രൂപ് നാലിൽനിന്ന് 62 പോയന്റുമായി ഏഷ്യൻ സ്കൂളിലെ ഗായത്രി സുധീറും ചാമ്പ്യൻഷിപ് അവാർഡ് കരസ്ഥമാക്കി. അഞ്ചാം ഗ്രൂപ്പിൽനിന്നു ചാമ്പ്യൻഷിപ് അവാർഡിന് ആരും അർഹത നേടിയില്ല.
കെ.സി.എ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക ‘കെ.സി.എ ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ്’ ജൊഹാൻ ജോസഫ് സോബിൻ (ഗ്രൂപ്-1, പോയന്റ് 39), ഏയ്ഞ്ചൽ മേരി വിനു (ഗ്രൂപ്-3, പോയന്റ് 51), ശ്രേയ സൂസൻ സക്കറിയ (ഗ്രൂപ്-4, പോയന്റ് 35) എന്നിവർ കരസ്ഥമാക്കി. നൃത്ത മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇന്ത്യൻ സ്കൂളിലെ ഐശ്വര്യ രഞ്ജിത്ത് തരോളിനാണ് നാട്യരത്ന അവാർഡ്. ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രീദക്ഷ സുനിൽ ഗാനാലാപന വിഭാഗത്തിൽനിന്ന് 74 പോയന്റുമായി സംഗീതരത്ന അവാർഡ് നേടി. സാഹിത്യമത്സരങ്ങളിൽ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യരത്ന അവാർഡ് ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത്ത് (48 പോയന്റ്) കരസ്ഥമാക്കി.
ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിഭാഗത്തിൽനിന്ന് 28 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ദിയ അന്ന സനു കലാരത്ന അവാർഡിന് അർഹയായി. മികച്ച നൃത്ത അധ്യാപക അവാർഡിന് കെ. പ്രശാന്തും സംഗീത അധ്യാപക അവാർഡിന് ശശി പുളിക്കശ്ശേരിയും അർഹരായി. മികച്ച പങ്കാളിത്തമാണ് കലോത്സവത്തിന് ലഭിച്ചതെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.