മനാമ: കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന് ആവർത്തിക്കുമ്പോഴും പ്രയോഗതലത്തിൽ അവരെ അവഗണിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ആവശ്യങ്ങളുടെ നീണ്ട നിരതന്നെ മുന്നോട്ടുവെച്ച പ്രവാസികൾക്ക് ലഭിച്ചത് തുച്ഛമായ വാഗ്ദാനങ്ങളാണ്.
കോവിഡ് പ്രതിസന്ധി, തൊഴിൽനഷ്ടം തുടങ്ങി ആശങ്കകളുടെ മുന്നിൽ നിൽക്കുന്ന പ്രവാസിയെ ആശ്വസിപ്പിക്കുന്ന ഒന്നും ബജറ്റിലില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബജറ്റിനെ ആകാംക്ഷയോടെ കാത്തിരുന്നവരെ തീർത്തും നിരാശയിലാക്കിയാണ് ധനമന്ത്രി ബജറ്റവതരണം അവസാനിപ്പിച്ചത്. പ്രവാസികാര്യ വകുപ്പിനായി 147.51 കോടി രൂപ വകയിരുത്തും എന്ന പ്രഖ്യാപനമാണ് ബജറ്റ് പ്രവാസികൾക്കു മുന്നിൽ വെക്കുന്നത്. പ്രവാസി മലയാളികൾക്കായി പുതുതായി രൂപകൽപന ചെയ്ത ഏകോപന പുനഃസംയോജന പദ്ധതിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്.
എന്നാൽ, ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയവർക്കുള്ള ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിന് 33 കോടി വകയിരുത്തിയിട്ടുണ്ട്.
നോൺ റെസിഡന്റ്സ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പതു കോടിയും മാറ്റിവെച്ചു. വിദേശ രാജ്യങ്ങളിലുൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരെയും സംരംഭകരെയും ഉൾപ്പെടുത്തി കാർഷിക ഉൽപന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് സിയാൽ മാതൃകയിൽ 100 കോടി രൂപ മൂലധനമുള്ള മാർക്കറ്റിങ് കമ്പനി ആരംഭിക്കും. ഇതിനായി 20 കോടി അനുവദിച്ചു.
അതേസമയം, കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രവാസി പദ്ധതികൾക്കായി 1500 കോടിയിലേറെ രൂപയുടെ പ്രഖ്യാപനം നടന്നപ്പോഴാണ് ഈ ബജറ്റിൽ കേവലം 250 കോടിയിൽ ഒതുക്കിയത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസിക്ഷേമ പെന്ഷന് വർധന ഇനിയും നടപ്പാക്കാത്തതും പ്രവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ബജറ്റിനെതിരെ പ്രവാസലോകത്തെ പ്രതിപക്ഷ അനുകൂല സംഘടനകളെല്ലാം വ്യാപക വിമർശനമാണ് ഉന്നയിക്കുന്നത്. പ്രവാസികളെ തീർത്തും വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്ന് ഒ.ഐ.സി.സി, കെ.എം.സി.സി തുടങ്ങിയ സംഘടനകൾ അഭിപ്രായപ്പെട്ടു. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രവാസികളെ ബജറ്റ് പരിഗണിച്ചിട്ടുണ്ടെന്ന് ഭരണപക്ഷ അനുകൂല സംഘടനകൾ പറയുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ ജി.എസ്.ടി വിഹിതം നൽകാത്ത സാഹചര്യത്തിലും പ്രവാസികൾക്ക് മോശമല്ലാത്ത പരിഗണന ബജറ്റിൽ നൽകിയത് സ്വാഗതാർഹമാണെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.