മനാമ: കേരളത്തിന്റെ സാമൂഹിക, നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ആത്മാർഥമായ ശ്രമം വേണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനം ഇതിനുള്ള തുടക്കമാകട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.
ചാതുർവർണ്യത്തിന്റെ ജാതിമതിലുകളും സ്കൂൾ വിദ്യാർഥികളെപ്പോലും മയക്കുമരുന്നകളുടെ ഉപഭോക്താക്കളാക്കുന്ന ലഹരി വിതരണ കേന്ദ്രങ്ങളും അന്ധവിശ്വാസ ഭീകരതകളും പ്രണയക്കൊലപാതകങ്ങളും ഇന്ന് ഒരു വാർത്തയേ അല്ലാതായി മാറിയിരിക്കുന്നു. ആത്മീയതയുടെ മറവിൽ നടത്തുന്ന അന്ധവിശ്വാസ, ആഭിചാര പ്രവണതകൾ വിദ്യാസമ്പന്നരിൽപ്പോലും ആഴത്തിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു. 19ാം നൂറ്റാണ്ടിന്റെ ഒടുവിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലുണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങളാണ് നാം ഇന്ന് കാണുന്ന പുരോഗമന കേരളത്തിന് വഴി തുറന്നത്. എന്നാൽ, ഇന്ന് പുരോഗമന നവോത്ഥാന കേരളം അന്ധവിശ്വസങ്ങളുടെയും സാമൂഹിക തിന്മകളുടെയും കേളീരംഗമായി മാറിയിരിക്കുന്നു.
രാജ്യത്തിെന്റ ഭാവി വാഗ്ദാനങ്ങളായ പുതിയ തലമുറയിൽ മയക്കുമരുന്ന് ഉപഭോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ലഹരി മാഫിയയുടെ കണ്ണികളെ പിടികൂടുന്നതിനും അതിന്റെ അടിവേരറുക്കാനും സർക്കാർ ആത്മാർഥത കാണിക്കണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മയക്കുമരുന്ന് വിതരണ കണ്ണികൾക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ എൻ.ഡി.പി.എസ് നിയമത്തിലെ ചട്ട ഭേദഗതി പിൻവലിക്കുകയും കടുത്ത ശിക്ഷ നടപടികൾ ഏർപ്പെടുത്തുകയും വേണം. അതോടൊപ്പം, സാമൂഹിക കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന മദ്യത്തിെന്റ വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.