‘ആകാശം കാണാത്ത’ കുട്ടികൾ

വിവാഹസർട്ടിഫിക്കറ്റ്​ ഇല്ലാത്ത പങ്കാളികൾക്ക്​ ജനിക്കുന്ന കുട്ടികൾക്ക്​ തിരിച്ചറിയൽ രേഖ​കളോ പൗരത്വമോ  ലഭിക്കില്ല. ആരും അറിയാതെ വളർത്തുന്ന ഇൗ മക്കൾക്ക്​ സ്​കൂൾ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല.   ലിവിങ്​ ടുഗതറിലൂടെ ജനിച്ച  നിരവധി മലയാളി കുട്ടികളിലൂടെയുള്ള അന്വേഷണം. അക്രമവാസനയും മനോ  വൈകല്യങ്ങളും ഇത്തരം കുട്ടികളിൽ ഉണ്ടാകാനുള്ള സാധ്യതയേറെ സാധാരണ വിവാഹം കഴിക്കുന്നവർ ഒരു കുട്ടി ഉണ്ടാകണേ എന്ന ആഗ്രഹത്തിലായിരിക്കും.

എന്നാൽ ലിവിങ്​ ടുഗതർ ആയി ജീവിക്കുന്ന മലയാളികളായ പ്രവാസികൾ തങ്ങൾക്ക്​ കുട്ടികൾ ഉണ്ടാകരുതെയെന്നായിരിക്കും പ്രാർഥിക്കുക. കാരണം വിവാഹ രേഖകൾ ഇല്ലാതെ ജീവിക്കുന്നവർക്ക്​ ജനിക്കുന്ന കുട്ടികൾക്ക്​ ബർത്​ സർട്ടിഫിക്കറ്റുകൾ വരെ ലഭിക്കാൻ ബുദ്ധിമുട്ടാണ്​.  മാത്രമല്ല ഇൗ കുട്ടികൾക്ക്​ ഭാവിയിൽ  തിരിച്ചറിയൽ രേഖകളോ പാസ്​പോർ​േട്ടാ, വിസയോ ഒന്നും ലഭിക്കാനും സാ​േങ്കതിക പ്രശ്​നങ്ങൾ തടസമാകും. അതിനാൽ അവർക്ക്​ വിദ്യാഭ്യാസം ചെയ്യാനുള്ള അവസരങ്ങളും ലഭിക്കും. 2,200,00 മലയാളികൾ പ്രവാസജീവിതം നയിക്കുന്ന ബഹ്​റൈനിൽ ഇൗ കണക്കുകളിലൊന്നും ഉൾപ്പെടാതെ, കഴിയുന്ന ചില കുട്ടികളുണ്ട്​. അവർ ലിവിങ്​ ടുഗതർ സ​മ്പ്രദായത്തി​​​െൻറ രക്​തസാക്ഷികളാണ്​. 

അതിൽ കൂടുതൽപേരുടെയും പിതാവ്​ മലയാളിയും  മാതാവ്​ ഏഷ്യൻ രാജ്യങ്ങളിൽ ഏതെങ്കിലും ആയിരിക്കും. മക്കൾ ആയി കഴിഞ്ഞാൽ കുറച്ച്​ കാലം കഴിഞ്ഞാൽ പങ്കാളിയെയും കുട്ടികളെയും തന്ത്രത്തിൽ തനിച്ചാക്കി മുങ്ങുകയാണ്​ പലരുടെയും പതിവ്​. അതോടെ എന്ത്​ ചെയ്യണമെന്നാറിയാത്ത അവസ്ഥയിലാകും അമ്മയും കുഞ്ഞുങ്ങളും. താമസസ്ഥലത്തെ വാടക, ജലം, വൈദ്യുതി ചാർജുകൾ, ഭക്ഷണം, മറ്റ്​ ചെലവുകൾ എന്നിവക്ക്​ വഴി കാണാത്ത അവസ്ഥ വന്നുചേരുകയും ചെയ്യും. ലിവിങ്​ ടുഗതർ ബന്​ധത്തിലൂടെ ജനിക്കുന്ന ഇത്തരം കുട്ടികൾ വീടിനകത്തുതന്നെ ചോദ്യചിഹ്​നങ്ങളായാണ്​ വളരുന്നത്​. മതിയായ രേഖകളില്ലാത്തതിനാൽ അവർക്ക്​ പുറംലോകത്തേക്ക്​ ഇറങ്ങാൻ കഴിയുന്നതിലും പരിമിതികളുണ്ട്​. പാർപ്പിടത്തിലെ ചുമരുകളായിരിക്കും അവരുടെ അതിരുകൾ നിർണ്ണയിക്കുക. കുട്ടികൾ ജനിച്ചാൽ തന്നെ അത്​ വാർത്തകളാകാറുമില്ല.

താമസസ്ഥലത്ത്​ ഒതുങ്ങി കൂടി, പുറംലോകവുമായി ബന്​ധമില്ലാതെ വളരുന്ന ഇൗ കുട്ടികളുടെ മാനസികാവസ്ഥ പോലും വിത്യസ്​തമായിരിക്കാം. സ്​കൂൾ വിദ്യാഭ്യാസം ലഭിക്കാതെ, മാതാപിതാക്കളുമായി മാത്രം സഹവാസം നടത്തുന്നവരായി അവർ രൂപപ്പെടും.  ഉപേക്ഷിച്ചുപോയ പിതാക്കൻമാരെ കുറിച്ചാണ്​ പല കുട്ടികൾക്കും പറയാനുമുള്ളത്​.  ലിവിങ്​ ടുഗതറി​​​െൻറ ഇരകളായി ബഹ്​റൈനിൽ  ജീവിക്കുന്ന ഒരു വീട്ടിലെ മൂന്ന്​ കുട്ടികളുടെ കഥ കരളലിയിപ്പിക്കുന്നതാണ്​. മലപ്പുറം സ്വദേശിയായ പുരുഷനും ഏഷ്യൻ രാജ്യക്കാരിയും 22 വർഷം മുമ്പാണ്​ ഒരുമിച്ച്​ ജീവിക്കാൻ തുടങ്ങിയത്​.  ഏതാനും വർഷം മുമ്പ്​ മലപ്പുറം സ്വദേശി നാട്ടിലേക്ക്​ മുങ്ങി. അതിനുശേഷമാണ്​ ​ അയലത്തുള്ളവർ അമ്പരപ്പിക്കുന്ന ആ കാര്യം അറിഞ്ഞത്​. അടുത്ത വീട്ടിൽ കൗമാര പ്രായക്കാരായ മൂന്ന്​ കുട്ടികൾ വളരുന്നുണ്ട്​.

ലിവിങ്​ ടുഗതർ ബന്​ധം ആയതിനാൽ ആരും  അറിയാതെ വളർത്തുകയായിരുന്നു. എന്നാൽ ത​​​െൻറ പങ്കാളി ഉപേക്ഷിച്ചു​േപായതോടെ ആ സാധുസ്​ത്രീക്ക്​ ഒറ്റക്ക്​ അവരെ പോറ്റാനുള്ള സ്ഥിതി ഉണ്ടായിരുന്നില്ല. ആ ബന്​ധത്തിലെ ഇരട്ട ആൺകുട്ടികൾക്ക്​ ഇപ്പോൾ 20 ഉം മകൾക്ക്​ 18 ഉം വയസുണ്ട്​. ആ കുട്ടികൾ സ്​കൂളിൽ പോയിട്ടില്ല.  സമൂഹമെന്തെന്ന്​ അറിയാത്ത ഇൗ മൂന്ന്​ കുട്ടികൾ അയലത്തുകാർക്ക്​  ആദ്യം ഒരു കൗതുകമായിരുന്നു. പിന്നീടത്​ പരിഹാസ​വും തുടർന്ന്​ സഹതാപവുമായി. പിതാവ്​ നാട്ടിൽ ചെന്ന്​ മറ്റൊരു വിവാഹം നടത്തിയതായാണ്​ വിവരം.

തുടർന്ന്​ സാമൂഹിക പ്രവർത്തകർ വിവരം അറിഞ്ഞ്​ വിഷയത്തിൽ ഇടപെട​ുകയും കുട്ടികൾക്ക്​ പാസ്​പോർട്ട്​ ഉണ്ടാക്കാനുള്ള ശ്രമത്തിലുമാണ്​. പാസ്​പോർട്ട്​ കിട്ടിയാൽ പിതാവി​​​െൻറ നാട്ടിലേക്ക്​ പോകാം. എന്നാൽ മറ്റൊരു വിവാഹം കഴിച്ച്​ ജീവിക്കുന്ന പിതാവി​​​െൻറ നാട്ടിൽ ചെന്നാൽ എന്തെല്ലാം പ്രശ്​നങ്ങൾ ​നേരിടും എന്നുള്ള ആശങ്കകൾ മറ്റൊരുഭാഗത്തും. എന്തായാലും ഇൗ മൂന്ന്​ മക്കളുടെ കാര്യത്തിൽ ചെയ്യാവുന്ന നിയമപരമായ പ്രശ്​നങ്ങളെ കുറിച്ച്​ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും സഹായം നൽകാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണന്ന്​ സാമൂഹിക പ്രവർത്തകനായ നിസാർ കൊല്ലം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

കുട്ടികൾക്ക്​ ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ ഹോപ്​ ബഹ്​റൈൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ എത്തിച്ച്​ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി കുട്ടികളെ ഇവിടെ കാണാൻ കഴിയുന്നുണ്ട്​. ലിവിങ്​ ടുഗതർ ബന്​ധത്തിൽ വളരുന്ന കുട്ടികളുടെ ഭാവിയെ സംബന്​ധിച്ച്​ ആശങ്കകൾ ഉണ്ടാകു​േമ്പാൾ മാതാപിതാക്കളുടെ ജീവിതവും അവിടെയുള്ള ​മോശം സാഹചര്യങ്ങളും കുട്ടികളുടെ സ്വഭാവത്തെയും ഭാവി ജീവിതത്തെയും ബാധിക്കുക സ്വാഭാവികമാണ്​. അക്രമവാസന ഉണ്ടാകാനും കുറ്റകൃത്യങ്ങളിലേക്ക്​ തിരിയാനും എല്ലാം സാധ്യയുണ്ട്​​. അത്തരം അനുഭവങ്ങൾ ബഹ്​റൈനിലെ പ്രവാസികളിൽ പലർക്കും പറയാനുമുണ്ട്​.

എന്നാൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച്​ സ്​കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഉപരിപഠനം എന്ന സ്വപ്​നവുമായി ഇപ്പോഴും വീട്ടിൽ കാത്തിരിക്കുന്ന ഒരു ഇരുപതുകാരൻ മുഹറഖിലുണ്ട്​. അയാളുടെ അമ്മ ഏഷ്യൻ രാജ്യക്കാരിയും പിതാവ്​ വടകര സ്വദേശിയുമാണ്​. ബഹ്​റൈനിലെ ഒരു ഇന്ത്യൻ വിദ്യാലയത്തിൽ സ്​കൂൾ പഠനം പൂർത്തിയാക്കിയ യുവാവിന്​ എന്നാൽ പ്ലസ്​ ടുവിനും ഡിഗ്രിക്കും പോകണമെന്ന ആഗ്രഹ​ം നടന്നില്ല. ഇതിനിടെ പിതാവ്​ ഏതോ ക​ുറ്റകൃത്യത്തിൽപ്പെട്ട്​ ജയിലായി.

നാല്​ വർഷത്തിനുശേഷം അയാൾ നാട്ടിലേക്ക്​ മടങ്ങി. ഇവിടെ മാതാവിനൊപ്പം താമസിക്കുന്ന യുവാവ്​ പാസ്​പോർട്ട്​ സംഘടിപ്പിക്കാനായി മലയാളി സാമൂഹിക പ്രവർത്തകരുടെ മുന്നിൽ നിരന്തരം സഹായം തേടി നടക്കുകയാണ്​. ഇപ്പോൾ വസ്​ത്രം തുന്നൽ ​ജോലി വീട്ടിലിരുന്ന്​ ചെയ്യുന്ന യുവാവിന്​ കേരളത്തിൽ എത്തി, വിദ്യാഭ്യാസം തുടരണമെന്നാണ്​ ആഗ്രഹം. ബി.എസ്​.സി കംപ്യൂട്ടർ സയൻസ്​ എടുത്ത്​ പഠിക്കണം. അതാണ്​ ആഗ്രഹം. ത​​​െൻറ മാതാവിന്​ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയാണന്നും മതം മാറിയാണ്​ ത​​​െൻറ പിതാവിനൊപ്പം ഒരുമിച്ച്​ താമസിക്കാൻ തുടങ്ങിയത്​ എന്നതിനാൽ അവരുടെ ബന്​ധുക്കളുമായുള്ള ബന്​ധം മുറിഞ്ഞുവെന്നും പറഞ്ഞു.

ഇങ്ങനെ എത്രയെത്ര ഹൃദയം തുളക്കുന്ന അനുഭവങ്ങളാണ്​ ലിവിങ്​ ടുഗതർ വിഷയവുമായി ബന്​ധപ്പെട്ട്​ ഇൗ പവിഴ ദ്വീപിലെ മലയാളികൾക്ക്​ പറയാനുള്ളത്​. നെഞ്ചുലക്കുന്നതാണ്​ പല കഥകളും. സാമൂഹ്യമായ ബോധവത്​കരണവും ഇടപെടലുകളും ആവശ്യമാണ്​ ഇൗ വിഷയത്തിൽ. തെറ്റുകളുടെ വഴിയെ സഞ്ചരിക്കുന്നവർ മാത്രമാകില്ല അതി​​​െൻറ നിരന്തര ശിക്ഷ ഏറ്റുവാങ്ങേണ്ടി വരിക. നിരപരാധികളായ കുട്ടികളും പ്രതിക്കൂട്ടിലാകുന്നു എന്നത്​ എത്രയോ വലിയ ദുരന്തമാണ്​. 

ഇത്​ സാമൂഹിക തിൻമ;  കണ്ടില്ലെന്ന്​ നടിക്കരുത്
എതിർലിംഗത്തിൽപ്പെട്ട വ്യക്തിയുമായി  ഏതെങ്കിലുമൊരു മലയാളി  വിവാഹം കഴിക്കാതെ ഒരുമിച്ച്​ താമസിക്കുന്നു എന്നറിഞ്ഞാൽ കണ്ടി​ല്ലെന്ന്​ നടിക്കരുത്​ എന്ന അഭിപ്രായം ഉയരുന്നു. ഇൗ വിഷയത്തിൽ നമുക്കെന്ത്​ കാര്യം എന്ന്​ ചിന്തിച്ച്​ മുഖം തിരിച്ചുപോകാൻ വര​െട്ട. ഇത്തരം സമാഗമങ്ങൾ സമൂഹത്തിൽ അർബുദങ്ങൾ വളർത്തുമെന്നും രണ്ട്​ വ്യക്തികളുടെ കൂട്ടായ്​മയല്ല; മറിച്ച്​ അവരുടെ വ്യക്തിത്വത്തി​​​െൻറ അപചയമാണന്നുള്ള തിരിച്ചറിവ്​ എല്ലാപേരിലും ഉണ്ടാകേണ്ടതുണ്ട്​. നിയമപ്രകാരമല്ലാത്ത ഒരുമിച്ച്​ ജീവിക്കലുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും നടപടികൾ എടുക്കാനും സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നാണ്​ ആവശ്യം ഉയർന്നിട്ടുള്ളത്​.

ബഹ്​റൈൻ എന്ന രാജ്യം മലയാളികൾക്ക്​ നൽകുന്ന സ്​നേഹവും സൗഹൃദവും തൊഴിൽ സുരക്ഷയും പരിഗണനയും ശ്രദ്ധേയമാണ്​. അതി​​​െൻറ തലയ്​ക്കൽ കത്തിവെക്കുന്ന നടപടിയാണ്​ ചില മലയാളികളുടെ ഇത്തരം സംഭവങ്ങളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം സംഭവങ്ങൾ മലയാളികൾക്ക്​ ആകെ നാണക്കേടുണ്ടാക്കും. അതിനാൽ ഇൗ സാമൂഹിക അപചയത്തിൽ ഏർപ്പെടുന്ന മലയാളികൾക്ക്​ മുന്നറിയിപ്പ്​ നൽകാൻ  മലയാളികൾ തന്നെ മുന്നോട്ട്​ വരേണ്ടതുണ്ട്​. നല്ല സമൂഹത്തിന്​ ആവശ്യം നല്ല കുടുംബങ്ങളെയാണ​ല്ലോ. 

(അവസാനിച്ചു)

Tags:    
News Summary - kids-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.