മനാമ: സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും രാജ്യമെന്ന നിലയിലാണ് തന്റെ മെത്രാഭിഷേകത്തിന് ബഹ്റൈൻ തിരഞ്ഞെടുത്തതെന്ന് സൈപ്രസിന്റെയും ഗൾഫിന്റെയും ചുമതലയുള്ള ആംഗ്ലിക്കൻ ബിഷപ്പായി സ്ഥാനമേറ്റ സീൻ സെമ്പിൾ. ബഹ്റൈനിൽ ഒരു ആംഗ്ലിക്കൻ ബിഷപ്പിന്റെ മെത്രാഭിഷേകം നടക്കുന്നത് ഇതാദ്യമാണെന്നും ഇസ കൾച്ചറൽ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സൈപ്രസിന് പുറത്തുവെച്ച് നടക്കുന്ന ആദ്യത്തെ മെത്രാഭിഷേകവുമാണിത്.
മനാമയിലെ സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. അഭിഷേകം, സിംഹാസനാരോഹണം എന്നിവയോടുകൂടിയ വിശുദ്ധ കുർബാനയും നടന്നു. ബൈബിൾ സൊസൈറ്റിയുടെ മൈഗ്രേഷൻ ബൈബിളിന്റെ ബഹ്റൈൻ ലോഞ്ച് അഭിഷേകച്ചടങ്ങിന് മുന്നോടിയായി നടന്നിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച റവ. സീൻ സ്പിരിച്വാലിറ്റിയിലും ക്ലിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൈപ്രസിലെയും ഗൾഫിലെയും ആംഗ്ലിക്കൻ രൂപത 1976ലാണ് സ്ഥാപിതമായത്. സൈപ്രസ്, ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, യമൻ എന്നിവ രൂപതയിൽ ഉൾപ്പെടുന്നു. വാർത്തസമ്മേളനത്തിൽ ജറൂസലമിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പിന്റെ ചാപ്ലെയിൻ റവ. കാനൻ ഡൊണാൾഡ് ഡി. ബൈൻഡർ, ആംഗ്ലിക്കൻ സഭ സെക്രട്ടറി ജനറൽ റവ. ആന്റണി പോഗോ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.