ചിരിയും ചിന്തയുമായി മലയാള കലാലോകത്തെ കീഴടക്കിയ അതുല്യ കലാകാരനാണ് വിനോദ് കോവൂർ. എം 80 മൂസയായും മറിമായത്തിലെ മൊയ്തുവുമായുമെല്ലാം നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന നടൻ. കോഴിക്കോട് ജില്ലയിലെ കോവൂരുകാരൻ. സ്കൂൾ പഠനകാലത്തു തന്നെ മിമിക്രിയിലും മോണോ ആക്ടിലും, സംഗീതത്തിലും താരം മികവ് പുലർത്തി.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഓൾ കേരള നാടകമത്സരത്തിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട് പ്രതിഭ തെളിയിച്ച വിനോദ്, ഗുരുവായൂരപ്പൻ കോളജിലെത്തിയപ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ മാസ്മരിക കലാപ്രകടനംകൊണ്ട് കീഴടക്കി. സംസ്ഥാന സർക്കാറിന്റെ കേരളോത്സവ നാടകമത്സരത്തിൽ തുടർച്ചയായി നാലുവർഷം മികച്ച നടൻ. കോഴിക്കോട്ടെ ആദ്യ മിമിക്രി ട്രൂപ്പായ ടോം ആൻഡ് ജെറി സ്ഥാപിച്ചുകൊണ്ട് മുഴുവൻ സമയ കലാപ്രവർത്തനത്തിലേക്ക് ചുവടുവെച്ചു. അതിനുശേഷം ചാനൽ പ്രോഗ്രാമുകളിലും റിയാലിറ്റി ഷോകളിലും സ്ഥിരം താരം.
മീഡിയവൺ ചാനലിലെ എം 80 മൂസ എന്ന കോമഡി സീരിയലിലെ എം 80 മൂസയെ അവതരിപ്പിച്ചതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. പതിമൂന്ന് വർഷത്തിലധികമായി മറിമായം സീരിയലിലെ മൊയ്തുവാണ് വിനോദ് കോവൂർ. അമ്പതിലധികം സിനിമകളിൽ മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഷോർട്ട് ഫിലിമുകൾ ഡയറക്ട് ചെയ്തും പ്രശംസ പിടിച്ചുപറ്റി. യുവജനോത്സവ വേദികളിലെ മോണോആക്ട് മത്സരങ്ങളിലെത്തുന്ന തീമുകൾ പലതും വിനോദിന്റെ സൃഷ്ടിയാണ്. സ്റ്റാൻഡപ് കോമഡിയും പുസ്തകരചനയും ഗാനാലാപനവുമെല്ലാം തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച കലാകാരൻ. പ്രവാസികളുടെ ഹൃദയം കീഴടക്കിയ ആ അഭിനയപ്രതിഭ നിലവാരമുള്ള ഫലിതവും ചിന്തയുമായി ഇതാ ബഹ്റൈനിലെത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.