മനാമ: ബഹ്റൈൻ എപ്പോഴും ഹരിതാഭമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജപത്നിയും നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെൻറ് കൂടിയാലോചന സമിതി ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി. 'ബഹ്റൈൻ ഹരിതാഭമായിരിക്കുക'എന്ന പ്രമേയത്തിൽ ആരംഭിച്ച വനവത്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തെ കാർഷിക വളർച്ചക്കും ഹരിതവത്കരണത്തിനുമുള്ള വിവിധ പദ്ധതികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഹമദ് രാജാവിെൻറ നിലപാടിനെ അവർ പ്രശംസിച്ചു. പ്രകൃതി വിഭവങ്ങളെ മാതൃകപരമായി ഉപയോഗപ്പെടുത്തുകയും ഹരിത മേഖലയായി നിലനിർത്തുകയും ചെയ്യുന്നതിന് കുറേക്കൂടി ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 50,000ത്തോളം വൃക്ഷത്തൈകളാണ് കാമ്പയിെൻറ ഭാഗമായി നട്ടുപിടിപ്പിക്കുക. പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായതും ജനങ്ങൾക്ക് പ്രയോജനകരമായതുമായ വൃക്ഷങ്ങൾ തരഞ്ഞെടുത്ത് നടും. നാല് ഗവർണറേറ്റുകളിലും ഇതിെൻറ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ, പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ്, ഉത്തരമേഖല ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ, ഉപ ഗവർണർമാർ, കാർഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. നബീൽ അബുൽ ഫത്ഹ്, മുനിസിപ്പൽ ഡയറക്ടർമാർ തുടങ്ങിയവർ വിവിധ ഗവർണറേറ്റുകളിൽ നടന്ന ഉദ്ഘാടന പരിപാടികളിൽ പങ്കാളികളായി. 27 സ്ഥലങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. അടുത്ത വർഷം മാർച്ചോടെ കാമ്പയിന് സമാപനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.