പടിഞ്ഞാറ് അറബിക്കടലും തെക്കു കിഴക്ക് തമിഴ്നാടും വടക്ക് കന്നടനാടും അതിരിട്ട് ഇന്ത്യയുടെ തെക്കുഭാഗത്തായി നീളത്തിൽ കോറിയിട്ട വരപോലെ ഒരു നാട്. ‘ഇന്ത്യക്കു തെക്കിരുന്നു കൊഞ്ചിക്കുഴഞ്ഞിടുന്നിതാ സുന്ദരമാം ശുഭല കേരളം’ എന്ന് പണ്ടെങ്ങോ കേട്ട ലളിത ഗാനത്തിലെ വരികൾ ആണ് ഓർമയിലേക്ക് ഓടിയെത്തുന്നത്.
ഇന്ത്യ മഹാരാജ്യത്തിലെ മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ചെറുതെങ്കിലും പാരമ്പര്യത്തിലും പ്രൗഢിയിലും ഒട്ടും പിന്നിലല്ല ഈ കൊച്ചു സുന്ദരി. പിറവിക്കു പിന്നിലുള്ള കഥകളും പേരിനു പിന്നിലുള്ള കാരണങ്ങളും എന്തുതന്നെ ആയിക്കൊള്ളട്ടെ, തെക്കു-വടക്ക് ഒട്ടനവധി കൗതുകങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു മായാജാല ചെപ്പ് ആണ് ഈ ഭൂമിക.
തലസ്ഥാന നഗരിയുടെ തലയെടുപ്പ് ഒട്ടും ചോരാതെ, രാജ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളെ ഉള്ളിൽ പേറുന്ന ശ്രീപദ്മനാഭൻ അനന്തശായിയായി കുടികൊള്ളുന്ന തിരുവനന്തപുരവും... വേണാടിന്റെ പ്രൗഢിയും, കൊല്ല വർഷത്തിന്റെ മഹിമയും കശുവണ്ടിയുടെ ഗരിമയുമായി കൊല്ലവും... കായലും, കയറും, ചോരചിന്തിയ ഒരുപിടി വിപ്ലവങ്ങളുടെ ചരിത്രവുമായി ആലപ്പുഴയും... പമ്പയാറും അച്ഛൻ കോവിലാറും അതിരിട്ടു ഒട്ടനവധി ആധ്യാത്മിക ചൈതന്യ കേന്ദ്രങ്ങളെ ഉള്ളിൽ പേറുന്ന പത്തനംതിട്ടയും... അക്ഷര തലസ്ഥാനം എന്ന വിളിപ്പേരുമായി ഏഴരപൊന്നാനകളുടെ സ്വന്തം കോട്ടയവും... തേയിലത്തോട്ടങ്ങളെയും വരയാടുകളെയും മടിത്തട്ടിൽ പേറുന്ന കൊച്ചു മിടുക്കിയായ ഇടുക്കിയും... മെട്രോ നഗരത്തിന്റെ തലയെടുപ്പോടെ നിൽക്കുമ്പോഴും ശിവരാത്രി മണപ്പുറവും, അത്തച്ചമയങ്ങളും ഒരുക്കുന്ന പാരമ്പര്യത്തെ ചേർത്തുപിടിച്ച് എറണാകുളവും... പൂരവും പുലികളിയും വിസ്മയച്ചെപ്പിലൊളിപ്പിച്ചു സാംസ്കാരിക തലസ്ഥാനം എന്ന ഖ്യാതിയുമായി തൃശ്ശിവപേരൂര് എന്ന തൃശൂരും... വള്ളുവനാടൻ സൗന്ദര്യം അപ്പാടെ ഉള്ളിൽ ആവാഹിച്ച് നിളയുടെ വിളനിലമായ പാലക്കാടും... ഇന്ത്യയിലെ ആദ്യ യുനെസ്കോ പൈതൃക സാഹിത്യ നഗരം എന്ന് പുകൾ കേട്ട ഗസൽ പ്രേമികളുടെയും ഭക്ഷണ പ്രിയരുടെയും മനം ഒരുപോലെ തണുപ്പിക്കുന്ന കോഴിക്കോടും... ഉറൂസും വേലയും ഒരു മനസ്സോടെ കൊണ്ടാടുന്ന, തുഞ്ചത്ത് ആചാര്യന് ജന്മം നൽകിയ മലപ്പുറവും... കേരളത്തിലെമ്പാടുംനിന്നുള്ള കുടിയേറ്റക്കാരെ സ്വന്തംപോലെ ചാരത്തണച്ച, തേയിലയും ഏലവും കാപ്പിയും പകരുന്ന സുഗന്ധങ്ങളെ കാറ്റിൽ നിറച്ച വയനാടും... തെയ്യവും തിറയും കളിയാട്ടങ്ങളും പകരുന്ന നിറഭേദങ്ങളെ നിറക്കൂട്ടിൽ ചാലിച്ച കണ്ണൂരും... ചന്ദ്രഗിരി പുഴയെ മാറോടണക്കുന്ന സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോടും ചേർന്ന് അണിയിച്ചൊരുക്കുന്ന ഒരു സ്വപ്നഭൂമിയാണ് എന്റെ കേരളം... ശ്രീ നാരായണ ഗുരു മുതൽ ഇന്ത്യയുടെ ‘മിസൈൽ വനിത’ എന്നറിയപ്പെടുന്ന ടെസ്സി തോമസ് വരെയുള്ള എത്രയോ പ്രഗല്ഭർക്ക് ജന്മം നൽകിയ നാട്... കണ്ണും മനസ്സും കുളിർപ്പിക്കുന്ന എത്രയോ കാഴ്ചകൾക്ക് ഈറ്റില്ലമായിട്ടുണ്ട് ഈ നാട്...
പക്ഷേ, അടുത്തിടെയായി ഒട്ടേറെ മാറിയിരിക്കുന്നു നമ്മുടെ നാടിന്റെ അവസ്ഥ. കള്ളവും ചതിയും ഇല്ലാതിരുന്ന ഗ്രാമാന്തരീക്ഷങ്ങൾപോലും അവിശ്വസനീയമാം വിധം മാറിയിരിക്കുന്നു. കുടുംബ ബന്ധങ്ങളിലും തീവ്ര സൗഹൃദങ്ങളിലും പോലും ചതിയും വഞ്ചനയും കടന്നുവന്നിരിക്കുന്നു. അനുദിനം പെരുകുന്ന ആത്മഹത്യകളും കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഏറെ വേദനാജനകംതന്നെ. പരിസ്ഥിതി മലിനീകരണവും കണ്ണില്ലാത്ത വിഭവ ചൂഷണങ്ങളും വരുത്തിവെക്കുന്ന പ്രകൃതി ദുരന്തങ്ങൾ മറ്റൊരു കണ്ണീരാകുന്നു.
ഓണവും ക്രിസ്മസും പെരുന്നാളും എല്ലാം ഒരു മനസ്സോടെ ആഘോഷിച്ചിരുന്ന പഴയ കേരളനാട് ഇന്ന് മറുനാടുകളിലെ ആഘോഷ വേദികളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.
ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുടെ ഉദയത്തോടെ കേരളക്കരയിലും വ്യത്യസ്ത ജാതി -മത -രാഷ്ട്രീയ ആശയങ്ങളുടെ ഏറ്റുമുട്ടലിന് പുതിയ ഒരു വേദി കൈവന്നിരിക്കുന്നു. കേരള സമൂഹത്തെ ഒന്നാകെ ബാധിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക് ഇതും ഒരു കാരണം ആകുന്നു എന്ന് പറയാതെ വയ്യ.
യുവത്വം നഷ്ടപ്പെടുന്ന കേരളം ആണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. കേരളത്തെ ത്രസിപ്പിച്ചിരുന്ന പല കലാശാലകളും ഇന്ന് ആളൊഴിഞ്ഞ കൂടകങ്ങൾ ആയിരിക്കുന്നത്രേ.
വിദേശ വിദ്യാഭ്യാസവും അതിലൂടെ കൈവരുന്ന അവിടങ്ങളിലേക്കുള്ള കുടിയേറ്റാനുമതിയും ഒരു തലമുറയെ അപ്പാടെ സ്വന്തം മണ്ണുപേക്ഷിക്കാൻ പ്രചോദിപ്പിക്കുന്നു എന്ന സത്യത്തിനു നേർക്ക് ഇനിയും കണ്ണടച്ചു പിടിച്ചിട്ട് കാര്യമില്ല. ഈ നാടിന്റെ നന്മയെയും വേരുകളെയും തീർത്തും വേണ്ടെന്നുവെച്ച് മടക്കമില്ലാത്ത കുടിയേറ്റങ്ങൾക്ക് ഒരു തലമുറയെ അപ്പാടെ പ്രേരിപ്പിക്കുന്നത് എന്താകും എന്ന് കണ്ടെത്തി പരിഹരിച്ചില്ല എങ്കിൽ കേരളം, കേവലം ഒരു വൃദ്ധസദനം മാത്രമാകുന്ന കാലം ഒട്ടും വിദൂരമല്ല.
മധ്യ കേരളത്തിലെ വീടകങ്ങൾ പലതിനും ഇപ്പോൾതന്നെ യുവതയുടെ സാന്നിധ്യം പൂർണമായും നഷ്ടമായിരിക്കുന്നു എന്നത്രേ ഈ വിഷയത്തിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മാറ്റങ്ങളുടെ ഈ കാലഘട്ടത്തിലും കേരളം എന്നത് ജീവിതത്തിന്റെ മധ്യ കാലത്തിലേക്കെത്തുന്ന അല്ലെങ്കിൽ മധ്യകാലം പിന്നിട്ട ഓരോ മലയാളിക്കും ഒരുപിടി നിറമുള്ള ഓർമകളാണ്.
കേരളക്കരയുടെ ആത്മാവിലേക്ക് ഓരോ മലയാളിയെയും പിന്നെയും പിന്നെയും ചേർത്തുനിർത്തുന്ന ചില നല്ലോർമകൾ... കേരളക്കര വീണ്ടും അണിഞ്ഞൊരുങ്ങി 68ന്റെ ചെറുപ്പത്തിലെത്തി നിൽക്കുമ്പോൾ ‘കേരളം എന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്ന മഹാകവി വാക്യം മനസ്സിലോർത്തുകൊണ്ടു നഷ്ടപ്പെട്ടു പോകുന്ന നന്മകളെ തിരിച്ചു പിടിക്കാൻ, തങ്ങൾ അനുഭവിച്ച സൗഭാഗ്യങ്ങളെ തങ്ങൾക്കു ശേഷം വരുന്ന തലമുറകൾക്ക് പകർന്നു നൽകാനുള്ള ആർജവം ഓരോ മലയാളിക്കും ഉണ്ടാകട്ടെ എന്ന് നിസ്സീമമായി ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.