മനാമ: കോവിഡ് -19നെത്തുടർന്ന് വിമാന സർവിസ് റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിൽ. റീഫണ്ട് നൽകുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതിയും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കാത്തതിനാൽ പലരും റീഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നുണ്ട്.
റീഫണ്ട് സംബന്ധിച്ച് യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചത്. 1. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ മേയ് 24 വരെയുള്ള യാത്രക്ക് ഇതേ കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ. 2. മേയ് 24 വരെയുള്ള യാത്രക്ക് ലോക്ഡൗണിനുമുമ്പ് ഏത് സമയത്തും ബുക്ക് ചെയ്തതും കോവിഡ് കാരണം റദ്ദായതുമായ ടിക്കറ്റുകൾ. 3. മേയ് 24ന് ശേഷമുള്ള യാത്രകൾക്ക് ഏത് സമയത്തും ബുക്ക് ചെയ്ത ടിക്കറ്റുകൾ.
ഒന്നാം വിഭാഗത്തിലെ യാത്രക്കാർക്ക് മുഴുവൻ തുകയും വിമാനക്കമ്പനികൾ തിരികെ നൽകണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടിക്കറ്റ് റദ്ദാക്കി മൂന്ന് ആഴ്ചക്കകം തുക തിരികെ നൽകണം. ഇതിന് കാൻസലേഷൻ ചാർജ് ഇൗടാക്കാൻ പാടില്ല. ട്രാവൽ ഏജൻറുമാർ മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ വിമാനക്കമ്പനികൾ ഏജൻറുമാർക്ക് ടിക്കറ്റ് തുക തിരികെ നൽകണം. ഇത് കാലതാമസം കൂടാതെ ഏജൻറുമാർ യാത്രക്കാർക്ക് കൈമാറണം.
രണ്ടാം വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ (ഒക്ടോബർ ഏഴ്) 15 ദിവസത്തിനകം റീഫണ്ട് നൽകാൻ വിമാനക്കമ്പനികൾ ശ്രമിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ, വിമാനക്കമ്പനികൾക്ക് സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ തുക യാത്രക്കാരുടെ പേരിൽ ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റാവുന്നതാണ്. ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച് യാത്രക്കാർക്ക് 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്രക്കാരന് ഇഷ്ടമുള്ള ഏത് റൂട്ടിലേക്കും യാത്ര ചെയ്യുന്നതിനോ അല്ലെങ്കിൽ ക്രെഡിറ്റ് ഷെൽ മറ്റൊരാൾക്ക് കൈമാറാനോ സ്വാതന്ത്ര്യമുണ്ട്.
മൂന്നാം വിഭാഗത്തിലെ ടിക്കറ്റുകൾക്ക് സിവിൽ ഏവിയേഷൻ റിക്വയർമെൻറ്സ് (സി.എ.ആർ) വ്യവസ്ഥകൾ പ്രകാരമായിരിക്കും റീഫണ്ട്.വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ യാത്രക്കാർക്ക് airsewa.gov.in എന്ന വെബ്സൈറ്റ് വഴി പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.