പ്രവാസികൾ ചോദിക്കുന്നു; ഞങ്ങൾക്കെന്തു കിട്ടും? വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചി​ട്ടും പ​രി​ഹാ​രം കാ​ണാ​ത്ത പ്ര​ശ്​​ന​ങ്ങ​ളേ​റെ

മനാമ: മൂന്നാമത് ലോക കേരള സഭക്ക് തുടക്കംകുറിക്കാൻ ഇനി മൂന്നു ദിവസം കൂടി. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും വിവിധ വിഷയങ്ങളിൽ അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. ജൂൺ 16,17,18 തീയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ലോക കേരള സഭയിൽ തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരമുണ്ടാകുമോ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.

കോവിഡ് -19 മഹാമാരിയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. വർഷങ്ങളായി ഉന്നയിച്ചിട്ടും പരിഹാരം കാണാത്ത യാത്രാപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ വേറെയുമുണ്ട്. ലോക കേരള സഭയിൽ ഇത്തരം പ്രശ്നങ്ങൾ സജീവമായി ചർച്ചചെയ്യുമെന്ന് പ്രവാസികൾ പ്രതീക്ഷിക്കുന്നു.

എയർ സുവിധ/ജാഗ്രത

ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികൾ ഇപ്പോഴും എയർ സുവിധയിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനയുടെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഇതിന് പുറമേ, കേരളത്തിെന്‍റ ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്യണം. വാക്സിൻ സ്വീകരിക്കാത്ത, അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡ് പരിശോധന നടത്തണം.

ബഹ്റൈൻ ഉൾപ്പെടെ മിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയിട്ടും ഇന്ത്യ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നതിെന്‍റ യുക്തി ചോദ്യം ചെയ്യുകയാണ് പ്രവാസികൾ. നാട്ടിലെത്തിയാൽ ഈ രേഖകൾ പരിശോധിക്കുകപോലും ചെയ്യുന്നില്ല. എന്നിട്ടും, പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ മാത്രം നിയന്ത്രണങ്ങൾ തുടരുന്നുവെന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്. മാത്രമല്ല, എയർ സുവിധയിൽ രജിസ്റ്റർ ചെയ്യാൻ വിട്ടുപോയതിനാൽ യാത്ര മുടങ്ങിയ നിരവധി അനുഭവങ്ങളുണ്ട്. ഇപ്പോൾ പല വിമാന ടിക്കറ്റുകളും റീഫണ്ട് ഇല്ലാത്തതായതിനാൽ കനത്ത നഷ്ടമാണ് യാത്രയക്കാർക്ക് നേരിടേണ്ടി വരുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടി. വാക്സിൻ എടുത്തവർ കോവിഡ് പോസിറ്റിവാണെങ്കിൽ എങ്ങനെ കണ്ടുപിടിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

സീസണിലെ ടിക്കറ്റ് നിരക്ക് വർധന

ആഘോഷ സീസണുകളിലും സ്കൂൾ അവധിക്കാലത്തും വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് തടയാൻ ഇതുവരെ സാധിക്കാത്തതിൽ പ്രവാസികൾ അമർഷത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നതിനേക്കാൾ ഉയർന്ന നിരക്കാണ് ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്.

പെരുന്നാൾ, ഓണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങളിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്ന നിലപാടാണ് വിമാനക്കമ്പനികൾ സ്വീകരിക്കുന്നത്. ബഹ്റൈനിൽ സ്കൂൾ അവധി ആരംഭിക്കുന്ന ജൂലൈയിലെ ആദ്യ ആഴ്ച എയർ ഇന്ത്യ എക്സ്പ്രസ് 178 ദിനാറാണ് (ഏകദേശം 36400 രൂപ) കോഴിക്കോട്ടേക്ക് ഇൗടാക്കുന്നത്. കണ്ണൂരിലേക്ക് ജൂലൈ മൂന്നിന് 232.40 ദിനാർ (ഏകദേശം 47500 രൂപ) ആണ് നിരക്ക്. ഗൾഫ് എയർ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ കോഴിക്കോട്ടേക്ക് ഈടാക്കുന്നത് 201 ദിനാർ (ഏകദേശം 41200 രൂപ) ആണ്. ജൂലൈ ഏഴിന് 276 ദിനാർ (ഏകദേശം 56500 രൂപ) ആണ് നിരക്ക്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് പരിഹാരം വേണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.

കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട്

കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഇനിയും പൂർണമായി കൊടുത്തുതീർന്നിട്ടില്ല. അടുത്ത വർഷം മാർച്ച് വരെ യാത്രചെയ്യാൻ കഴിയുന്ന തരത്തിൽ വൗച്ചർ നൽകിയിട്ടുണ്ടെങ്കിലും ഇത് ആവശ്യമില്ലാത്തവർ ഏറെയുണ്ട്. ഘട്ടം ഘട്ടമായി റീഫണ്ട് കൊടുത്തുതീർക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും പലരുടെയും കാത്തിരിപ്പ് നീളുകയാണ്. റീഫണ്ട് ആവശ്യമുള്ളവർ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പോയി ഫീഡ്ബാക്ക് ഫോം പൂരിപ്പിച്ച് നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് പലപ്പോഴും പ്രവർത്തിക്കാറില്ലെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

മൈനറായ കുട്ടികളുടെ പേരുമാറ്റം

മൈനറായ കുട്ടികളുടെ പേരു മാറ്റണമെങ്കിൽ ഇപ്പോൾ നാട്ടിൽ പോകേണ്ട സ്ഥിതിയാണുള്ളത്. കുട്ടികളുടെ ആധാറിലെ പേര് അനുസരിച്ച് മാത്രമേ മാറ്റം വരുത്താൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. പുതിയ പേരിൽ ആധാർ എടുക്കണമെങ്കിൽ ആദ്യം ഗസറ്റിൽ പേരുമാറ്റം വിജ്ഞാപനം ചെയ്യണം.

മുമ്പ്, മാതാപിതാക്കളുടെ സത്യവാങ്മൂലമുണ്ടെങ്കിൽ ബഹ്റൈനിൽതന്നെ കുട്ടികളുടെ പേരു മാറ്റി നൽകിയിരുന്നു. അടുത്തകാലത്ത് ഇത് നിർത്തലാക്കി. ബഹ്റൈനിൽ ജനിച്ച കുട്ടികൾക്ക് ഇവിടത്തെ കോടതി മുഖേന പേര് മാറ്റി എടുക്കാൻ കഴിയുമെങ്കിലും ഇതിന് സമയമെടുക്കും. ഈ സാഹചര്യത്തിൽ, മൈനറായ കുട്ടികളുടെ പേര് മാറ്റാൻ ഇന്ത്യൻ എംബസിയിൽ തന്നെ സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. ഇതിനു പുറമേ, ഇന്ത്യൻ എംബസിയിൽ മലയാളികളായ ജീവനക്കാരെ കൂടുതൽ നിയോഗിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ബഹ്റൈനിലെ പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന മലയാളികൾക്ക് ആശ്വാസമാകുന്നതായിരിക്കും ഈ നടപടി. 

Tags:    
News Summary - The Third Loka Kerala Sabha has three more days to begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.