അയൽപക്കത്തെ സ്​നേഹവീടുകൾ

എ​െൻറ കുട്ടിക്കാലത്ത് നോമ്പ് അനുഷ്​ഠാനം, നോമ്പുതുറ ഇതേക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. കുടുംബവീടിന് ചുറ്റും മുസ്​ലിം വീടുകൾ വിരളമായിരുന്നു. നെൽകൃഷിയും നാണ്യവിളകളുമുള്ള ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചതിനാൽ കളിക്കൂട്ടുകാരായ പലരെയുംപോലെ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കേണ്ടിയും വന്നില്ല.

ഭക്ഷണം കിട്ടാതെ വിശക്കുന്ന അയൽപക്കത്തുള്ള കൂട്ടുകാർക്ക് എന്നോടൊപ്പം ഭക്ഷണം വിളമ്പിത്തരുന്ന മാതു അമ്മൂമ്മയാണ് ഇന്നും എ​െൻറ മനസ്സിൽ. അവർ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കുകയും പിന്നീട് ജീവിതത്തി​െൻറ പലവഴിയിൽ പിരിഞ്ഞുപോകുകയും ചെയ്​തവർ വർഷങ്ങൾ പിന്നിട്ടിട്ടും അവരെ ആദരവോടെ സ്​മരിക്കുന്നത്​ അറിയുമ്പോഴാണ് വിശപ്പി​െൻറ വിലയും വിശപ്പടക്കാൻ അവസരമൊരുക്കിയവരുടെ മഹത്ത്വവും തിരിച്ചറിയുന്നത്.

വർഷങ്ങൾ പിന്നിട്ടപ്പോൾ കുറച്ച് അകലെ, പുതിയ വീട്ടിലേക്ക് താമസം മാറേണ്ടിവന്നു. അവിടെയാണെങ്കിൽ ഹിന്ദു, മുസ്​ലിം വീടുകൾ ഇടകലർന്നുള്ള പ്രദേശമായിരുന്നു. ഏറെ വൈകാതെ അഞ്ചുകണ്ടത്തിൽ, കസ്​തൂരിക്കാട്ടിൽ എന്നീ മുസ്​ലിം വീടുകളുമായി ദൃഢമായ സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. വീട്ടിലെ ഒരു കുടുംബാംഗത്തി​െൻറ പരിഗണനയാണ് പിന്നീടുള്ള നാളുകളിൽ എനിക്ക് ലഭിച്ചത്. കല്യാണമായാലും കാതുകുത്തായാലും നോമ്പുതുറയായാലും പെരുന്നാളായാലും എല്ലാ ചടങ്ങുകളിലും അതിഥിയായല്ല, ആതിഥേയനായി ഞാനും പങ്കാളിയായി.

യൂസഫ് ഹാജി, അബൂബക്കർ, ഹംസ, ഖാലിദ്, മഹമൂദ് എന്നീ കുടുംബനാഥന്മാരും അൻഷിയും ഷർഷാദയും ഷഫീനയും റയ്ഹാനത്തും ഫഹദും അൻഷാദും നബീസയും ഖദീജയും ഫാത്തിമയും ഹയറുന്നിസയും അഷ്​റഫും ഇസ്​മായിലും ഷംസുവും സുബൈറും ഇക്കമാരും സഹോദരങ്ങളുമായി മാറുകയായിരുന്നു. അവർക്കാണെങ്കിൽ എൻെറ മാതാവ് കല്യാണ്യമ്മയും അമ്മമ്മയും എ​െൻറ സഹോദരൻ ജയേട്ടനും ഞാനും ഏട്ടനുമായി.

നാട്ടിലായാലും തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിലും അയൽപക്ക സ്നേഹത്തി​െൻറ ഊഷ്​മളത കാത്തുസൂക്ഷിക്കാൻ കഴിയുന്നു.പുതിയ കാലത്തെ തിരക്കിനിടയിൽ അയൽപക്ക ബന്ധങ്ങൾ മലയാളിക്ക് നഷ്​ടമായി തുടങ്ങിയിട്ട് കാലമേറെയായി. മതങ്ങളല്ല അയൽക്കാരെ അകറ്റുന്നത്. നമ്മൾ ഓരോരുത്തരിലും വന്ന ജീവിതമാറ്റമാണതിന് കാരണം.

വിഷു, ഓണം പോലുള്ള ആഘോഷങ്ങളിൽ മത്സ്യമാംസാദികൾ നിഷിദ്ധമാണെങ്കിലും ഞങ്ങളുടെ സദ്യകളിൽ ഇവ നിർബന്ധമായതും ഹിന്ദു, മുസ്​ലിം മൈത്രിയുടെ ഭാഗമാന്നെന്ന്​ അനുമാനിക്കാം. ഇതി​െൻറയൊക്കെ പേരിൽ കാലുഷ്യവും വിവാദവുമില്ലാത്ത നന്മയുടെ വെളിച്ചം വിതറിയ പഴയകാലമാണ് സുന്ദരമെന്ന് ചിലപ്പോൾ തോന്നാറുണ്ട്. റമദാൻ മനുഷ്യസ്നേഹത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലും സ്നേഹത്തി​െൻറ പങ്കുവെക്കലും ഒപ്പം, കാരുണ്യ പ്രവർത്തനത്തിനുള്ള പ്രചോദനവും കൂടിയാണ്.

Tags:    
News Summary - Love houses in the neighborhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.