ലുലു പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് 

സ്വന്തം ബ്രാൻഡ് ഉൽപന്നങ്ങളിൽ ചുവടുറപ്പിച്ച് ലുലു ഗ്രൂപ്

മനാമ: ലോകോത്തര നിലവാരമുള്ള ഉൽപാദകരുടെ ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന സമ്പ്രദായമായ പ്രൈവറ്റ് ലേബൽ രംഗത്ത് ചുവടുറപ്പിച്ച് ലുലു ഗ്രൂപ്. 3000ത്തോളം ഉൽപന്നങ്ങളാണ് ഇതിനകം സ്വന്തം ബ്രാൻഡിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഉൽപാദനത്തിനും ഉപഭോഗത്തിനുമിടയിൽ വിതരണ ശൃംഖലയിലുണ്ടാകുന്ന ഭീമമായ ചെലവ് ഒഴിവാക്കി 10 മുതൽ 25 ശതമാനം വരെ വിലക്കുറവിൽ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് ഇതുവഴിയുള്ള പ്രയോജനമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് പ്രൈവറ്റ് ലേബൽ ഡയറക്ടർ ഷമീം സൈനുലാബ്ദീൻ പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, പ്രമുഖ ബ്രാൻഡുകളുടെ അതേ നിലവാരത്തിലുള്ള ഉൽപന്നങ്ങളാണ് ലുലുവിന്റെ സ്വന്തം പേരിൽ വിൽപന നടത്തുന്നത്. പാൽ, കുടിവെള്ളം, വെളിച്ചെണ്ണ, ഒലിവ് എണ്ണ, ഉപ്പ്, ഓട്സ്, ചായപ്പൊടി, കാപ്പി, കുട്ടികൾക്കുള്ള ഉൽപന്നങ്ങൾ, അരി, ശീതീകരിച്ച ചിക്കൻ തുടങ്ങിയവയെല്ലാം ലുലു സ്വന്തം ബ്രാൻഡിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഡിസ്നി കഥാപാത്രങ്ങളുടെ ചിത്രം പതിച്ച 'ഡിസ്നി ബേബി' ഉൽപന്നങ്ങൾ, 'ഗുഡ്നസ് ഫോർ എവർ' എന്ന പേരിൽ ബർഗർ മിക്സ്, മീറ്റ്ബാൾ മിക്സ്, ഫലാഫെൽ മിക്സ് തുടങ്ങിയ പ്രീമിയം ഉൽപന്നങ്ങൾ, ടെലിവിഷൻ പരമ്പരയായ 'ഫ്രൻഡ്സ്' എന്ന പേരിലുള്ള ഹാൻഡ് വാഷുകൾ, ഡിയോഡറന്‍റ് തുടങ്ങിയവയും ലുലു പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി വിൽപന നടത്തുന്ന ഉൽപന്നങ്ങളിൽ ഏഴ് ശതമാനത്തോളം സ്വന്തം ബ്രാൻഡിലുള്ളവയാണ്. ഇത് 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഷമീം സൈനുലാബ്ദീൻ പറഞ്ഞു.

വാൾമാർട്ട് പോലുള്ള ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ ബിസിനസിന്റെ പകുതിയോളം പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങളാണ്. യൂറോപ്പിലും അമേരിക്കയിലും ഉപഭോക്താക്കൾ സ്റ്റോർ സന്ദർശിക്കുമ്പോൾ ആദ്യം നോക്കുന്നത് പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങളാണ്. അത്തരമൊരു രീതി ഗൾഫിലും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽ എത്തിക്കാൻ ലുലു തയാറായത്. നിലവിലുള്ള പ്രമുഖ ബ്രാൻഡുകളുമായി ആരോഗ്യകരമായ മത്സരമാണ് ലുലു ലക്ഷ്യമിടുന്നതെന്നും ഷമീം സൈനുലാബ്ദീൻ പറഞ്ഞു.

Tags:    
News Summary - Lulu Group forays into own brand products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.