മനാമ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഓഹരിവിപണിയിലേക്ക്. അടുത്ത വർഷം ആദ്യം യു.എ.ഇയിൽ പ്രാഥമിക ഓഹരി വിൽപനയിലേക്ക് കടക്കുമെന്നാണ് സൂചന. ലുലു ഗ്രൂപ് ഓഹരി വിപണിയിൽ എത്തുന്നുവെന്ന വാർത്ത കുറച്ചുകാലങ്ങളായി വിപണിയിൽ നിറഞ്ഞുനിന്നിരുന്നു. ലുലു ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി ഗൾഫിലുള്ള ഇന്ത്യക്കാർ, പ്രത്യേകിച്ച് പ്രവാസികളായ മലയാളികൾ ഏറക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓഹരിവിപണിയിൽ പ്രവേശിക്കുന്ന വിവരം ലുലു ഗ്രൂപ് സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ലിസ്റ്റിങ് എവിടെയാണ്, എത്ര തുകയുടെ ഓഹരി വിൽപനയാണ് നടത്തുന്നത് എന്നീ കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഓഹരി വിൽപനക്കുള്ള പ്രാഥമിക നടപടികളിലേക്ക് ലുലു ഗ്രൂപ് കടന്നതായാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകൾ കണ്ടെത്താൻ ലുലു ഗ്രൂപ് ആഗോള ബാങ്കുകളെ സമീപിച്ചതായും അറിയുന്നു. ഗൾഫിലെ വിവിധ സ്റ്റോക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിങ്ങും പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ വ്യവസായ പ്രമുഖനായ എം.എ. യൂസുഫലി ആരംഭിച്ചതാണ് അബൂദബി ആസ്ഥാനമായ ലുലു ഗ്രൂപ്. ഗൾഫ് മേഖലയിലെ എണ്ണക്കുതിപ്പിന്റെ കാലത്ത് 1990ലാണ് ആദ്യ ലുലു സ്റ്റോർ ആരംഭിച്ചത്. ഷോപ്പിങ് മാളുകൾക്ക് പുറമേ, ഹോസ്പിറ്റാലിറ്റി, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ് കരുത്തുതെളിയിച്ചു.
2020ലെ കണക്കുപ്രകാരം ആറ് ബില്യൺ ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം. എട്ട് ബില്യൺ ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിലീസ്റ്റ്, ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനിയിൽ 57,000 ജീവനക്കാർ ജോലിചെയ്യുന്നു. അതേസമയം, കേട്ടുകേൾവിയെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് ലുലു ഗ്രൂപ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പ്രതികരിച്ചത്. ലുലു ഗ്രൂപ് ഇന്‍റർനാഷനലിൽ നിക്ഷേപത്തിനുള്ള സാധ്യത സൗദി അറേബ്യയുടെ സോവറിൻ വെൽത്ത് ഫണ്ട് തേടുന്നുണ്ട്. 2020ൽ കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരികൾ അബൂദബിയിലെ എ.ഡി.ക്യൂ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.