മനാമ: ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ നെടുംതൂണുകളായി പ്രവർത്തിക്കുന്ന അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ചാപ്റ്ററിൽ അഞ്ചുവർഷത്തിലധികമായി ഭാഷാ പ്രവർത്തനം നടത്തുന്ന അധ്യാപകരെ മലയാളം മിഷൻ ആദരിച്ചു.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ‘പരസ്പരം’ എന്ന ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അധ്യാപകർക്ക് പ്രശസ്തിപത്രവും ഫലകവും കൈമാറി. അധ്യാപകരായി രജിസ്റ്റർ ചെയ്ത് ഒരുവർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു.
2020ൽ അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയാണ് ആദരിച്ചത്. തുടർവർഷങ്ങളിൽ അഞ്ചുവർഷം പൂർത്തിയാക്കിയ അധ്യാപകരെ അടുത്ത ഘട്ടത്തിൽ ആദരിക്കുമെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ബഹ്റൈനിൽനിന്ന് മത്സരിച്ച് വിജയിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള സമ്മാനങ്ങളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.
പരസ്പരത്തിന്റെ ഭാഗമായി നടന്ന മുഖാമുഖത്തിൽ ഭാഷാപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഡയറക്ടർ മറുപടി നൽകി.
ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് സ്വാഗതം പറഞ്ഞു. ചാപ്റ്റർ ജോയന്റ് സെക്രട്ടറി രജിത അനി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പാഠശാല കൺവീനർ സുനേഷ് സാസ്കോ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.