ഒഴിവു സമയങ്ങളിൽ വെറുതെയിരിക്കുകയോ ഉറങ്ങുകയോ എന്നത് തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ. ഒഴിവു സമയത്ത് എവിടെ യെങ്കിലുമൊക്കെ കറങ്ങണം. കഴിഞ്ഞ 19 വർഷമായി ഈ പവിഴ നാടിെൻറ ഭാഗമായ എനിക്ക് ഇവിടെ കാണാനൊന്നും ഇനി ബാക്കിയില്ല. പു തിയ മാളുകളും ഷോപ്പിംഗ് സെൻററുകളും വിനോദ കേന്ദ്രങ്ങളും എക്സിബിഷനുകളും ഉദ്ഘാടന ദിവസം തന്നെ പോയി കാണും. അങ്ങനെയിരിക്കെ ഒരു ബക്രീദ് അവധിക്കാലത്ത് യു.എ.ഇയിലെ ‘ഖോർഫക്കാൻ’ സന്ദർശിക്കാൻ തീരുമാനിച്ചു. മലയാളികൾ ജീവനും കയ്യിലെടുത്ത് അറബി പൊന്നും തേടി പത്തേമാരിയിൽ വന്നിറങ്ങിയ പ്രവാസിയുടെ ആദ്യ തലമുറയുടെ സ്വപ്ന മരീചികയാണത്. ഷാർജയുടെ ഭാഗമായി നിലകൊള്ളുന്ന ഈ മനോഹര കടൽത്തീരത്ത് അൽപ്പനേരം ചെന്നിരിക്കണം എന്ന് കലശലായ ആഗ്രഹം ഉണ്ടായിരുന്നു. എെൻറ മുൻഗാമികൾ പ്രതീക്ഷകളുടെ ചിറകുകൾ വിരിച്ച് സ്വപ്ന ഭൂമി തേടി കടൽ കരയിലേക്ക് നീന്തിയടുത്ത ആ മണൽ തിട്ടയോടൊന്നു സല്ലപിക്കണം. അന്ന് ഈ സവിധത്തിൽ തലചായ്ച്ചവരുടെ ഗന്ധം ഇപ്പോഴും ഈ തീരത്ത് വമിക്കുന്നുവോ എന്നറിയണം. കണ്ണെത്താദൂരത്ത് പത്തേമാരിയിൽ നിന്നും കടലിലേക്ക് ചാടിയവർ എത്രപേർ കരയണഞ്ഞു. എത്രപേരെ കടലെടുത്തു. വിവരങ്ങളുടെ ഏതെങ്കിലും പട്ടിക കണക്കിലുണ്ടോ എന്നാ ‘തിരമാലകളോട് ചോദിക്കണം’.
ആഗ്രഹം പോലെ ആ തീരത്ത് ഞാനും എത്തി. ചോദ്യങ്ങൾക്കപ്പുറം ഇന്ന് ഖോർഫക്കാൻ സുന്ദരിയാണ്. വൃത്തിയിലും ശുചീകരണത്തിലും ഭംഗിയിലും മുന്നിൽ. ഇന്ന് ഈ കടൽ തീരത്ത് അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുപാടുപേർ എത്തുന്നു. നീന്തിക്കുളിക്കാനും യന്ത്രബോട്ടുകളുടെ സവാരിക്കും വിനോദ സഞ്ചാരികളും താമസക്കാരുമായി ഒട്ടേറെ പേർക്ക് ഉല്ലാസം നൽകുന്നു. ഒരു കാലത്തെ സ്വപ്ന തീരമായിരുന്ന ഈ ഇടം. എെൻറ കുട്ടിക്കാല സുഹൃത്തും ദുബൈ പ്രവാസിയുമായ നൗഷാദുമൊത്ത് ഒരു മണിക്കൂർ ബോട്ട് സവാരി നടത്തി. കുറേ ദൂരെ സഞ്ചരിച്ചപ്പോൾ തോന്നി.
ഇവിടെയാകും പണ്ട് കരയണയാൻ പത്തേമാരിയിൽ നിന്ന് ആളുകൾ ചാടിയിരുന്ന ആ ആഴക്കടലെന്ന്. നീന്തി രക്ഷപ്പെട്ടവർ പിന്നീട് ഈ നാടിെൻറ അഭിവൃദ്ധിയിൽ പങ്കാളികളായി. നാടിനും കുടുംബത്തിനും ഭാവി തലമുറക്കും വെളിച്ചമായി. ഇവരും പിൻഗാമികളും തീർത്ത വിയർപ്പു തുള്ളികൾ ഇന്ന് യശസ്സായ് മണിമാളികയായ് സൗധങ്ങളായ് ആകാശ ഗോപുരങ്ങളായ് ഈ രാജ്യത്തിെൻറയും മാതൃരാജ്യത്തിെൻറയും സമ്പത്തായ് സമൃദ്ധിയായ് നിലകൊള്ളുന്നു. ആ കടൽ തീരം ഒരിക്കലെങ്കിലും പ്രവാസികൾ സന്ദർശ്ശിക്കണം. ഈ അറേബ്യൻ മണ്ണിൽ നമ്മുടെ മുൻ ഗാമികളുടെ ചൂടും ചൂരും പരന്നു കിടക്കുന്നുണ്ട്. കരയണാതെപോയ ഒരുപാട് പേരുടെ അന്തിമ നിശ്വാസങ്ങളും ഇവിടെ ‘തങ്ങിനിൽക്കുന്നുണ്ടാകാം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.