മനാമ: ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷനൽ (ബി.എൻ.ഐ) ഗൾഫ് ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ മലയാളി സംരംഭകരുടെ സംഘവും പങ്കെടുത്തു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ബി.എൻ.ഐ മലബാറിയൻസ് ചാപ്റ്ററാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്.
അതിർത്തി കടന്നുള്ള ബിസിനസ് സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബിസിനസ് കോൺക്ലേവിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എൻ.ഐ മലബാറിയൻസ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഡോ. അബ്ദുൽ മജീദ് ശരീഫ്, ഷിജു ചേമ്പ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം ബഹ്റൈനിലെത്തിയത്.
നാല് വനിത സംരംഭകരുമുണ്ടായിരുന്നു. ബഹ്റൈനിലെയും നാട്ടിലെയും ബി.എൻ.ഐ അംഗങ്ങൾ ഒരുമിച്ചിരുന്ന് ബിസിനസ് സഹകരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതായി ബി.എൻ.ഐ മലബാറിയൻസ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഡോ. ശരീഫും ഷിജുവും പറഞ്ഞു. ഷൈജ വിനോദ്, പ്രിയ ജോസഫ്, ആയിഷ സമീഹ, ഷീജ നമ്പ്യാർ തുടങ്ങിയവരാണ് സംഘത്തിലെ വനിത സംരംഭകർ.
ബി.എൻ.ഐ മലബാറിയൻസ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലും അംഗങ്ങളെ സജീവമായി നിലനിർത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നു. പ്രവാസികളെ ലക്ഷ്യമാക്കിക്കൊണ്ട്, നാട്ടിൽ സംരംഭകത്വ സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന രീതികളിലൊക്കെ ബി.എൻ.ഐ മലബാറിയൻസ് ഇടപെടലുകൾ നടത്തുന്നുണ്ട്.
അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ബിസിനസ് സംരംഭത്തിനാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതായും ഡോ. ശരീഫ് പറഞ്ഞു. ബി.എൻ.ഐ ബഹ്റൈൻ ചാപ്റ്റർ നാഷനൽ ഡയറക്ടർ അരുണോദയ് ഗാംഗുലി, മെംബർമാരായ മനോജ് കേശവ്, യോഗേഷ്, മലബാറിയൻസ് ചാപ്റ്റർ ലീഡർമാരായ രാജീവ് പത്മനാഭൻ, ഷഹാബ് പി.ടി.പി, മുഹമ്മദ് അഷ്കർ അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിസിനസ് കോൺക്ലേവ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.