മനാമ: തൊഴിൽ, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ അഞ്ചുവരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയത് 2200 പരിശോധനകൾ. പരിശോധനകളെത്തുടർന്ന് 147 പേരെ ഇതുവരെ നാടുകടത്തി. മതിയായ രേഖകളില്ലാത്ത 38 പേരെ കസ്റ്റഡിയിലെടുത്തു.
2171 സൈറ്റുകളിൽ പരിശോധന നടന്നു. 29 സംയുക്ത പരിശോധന കാമ്പയിനുകൾക്കു പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 16 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ 7, നോർത്തേൺ ഗവർണറേറ്റിൽ 2, സതേൺ ഗവർണറേറ്റിൽ 4 എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നതാണ് നിലപാട്. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും, ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴിലുടമകൾ നൽകുന്ന ശരിയായ പെർമിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും തൊഴിലില്ലായ്മ കുറക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.