മനാമ: 1,30,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്ത സുപ്രധാന മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളെ ബഹ്റൈനിലെത്തിക്കാൻ ശ്രമം തുടരുന്നു. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരരെന്ന് കരുതുന്ന പ്രതികൾ രണ്ടുപേരും 26 വയസ്സുള്ളവരാണ്. ഇവർ രാജ്യത്തിന് പുറത്തുനിന്നാണ് പ്രവർത്തനം നടത്തുന്നതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് എയർപോർട്ടിൽ 6,40,000 ദിനാർ (ഏകദേശം 1.7 ദശലക്ഷം ഡോളർ) മൂല്യമുള്ള ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തത്.
കസ്റ്റംസ്, മയക്കുമരുന്ന് എൻഫോഴ്സ്മെന്റ് യൂനിറ്റുകൾ ഉൾപ്പെടെ സുരക്ഷ ഏജൻസികൾ സംയുക്തമായാണ് കാർഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. പ്രത്യേക വർക്ക്ഷോപ്പുകളിൽ തയാറാക്കിയ പൈപ്പുകളിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്.
ഖത്തർ അധികൃതർ പങ്കുവെച്ച നിർണായക വിവരങ്ങളാണ് മയക്കുമരുന്ന് പിടിക്കുന്നതിലേക്ക് വഴിവെച്ചത്. പൈപ്പിലൊളിപ്പിച്ച മയക്കുമരുന്ന് പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു വനിതയെ കസ്റ്റഡിയിലെടുത്തിരുന്നു.
ലബനാനിൽനിന്നാണ് ഗുളികകൾ കടത്തിയതെന്നാണ് നിഗമനം. കള്ളക്കടത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
അടുത്തിടെയായി മയക്കുമരുന്ന് ശൃംഖലകളെ തകർക്കാനുള്ള തീവ്രശ്രമമാണ് പൊലീസ് നടത്തുന്നത്. ഇലക്ട്രോണിക് സിഗരറ്റിൽ മയക്കുമരുന്ന് ചേർത്ത് വിദ്യാർഥികളെ വലയിലാക്കാനുള്ള സംഘത്തിന്റെ ശ്രമം പൊലീസ് തകർത്തിരുന്നു. മയക്കുമരുന്ന് കടത്ത് തടയാനായി അടുത്തിടെ സ്റ്റിങ് ഓപറേഷനും പൊലീസ് നടത്തിയിരുന്നു. ഉപഭോക്താവെന്ന വ്യാജേന ഇടപാടുകാരനെ സമീപിക്കുകയും അയാൾ പറഞ്ഞ പണം നൽകുകയും ചെയ്തായിരുന്നു സ്റ്റിങ് ഓപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.