മനാമ: ബഹ്റൈനിലെ കോവിഡ്കാല സേവന പ്രവർത്തനങ്ങൾക്ക് മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്കാരം കാപിറ്റൽ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന് ആൽ ഖലീഫക്ക് സമ്മാനിച്ചു. കാപിറ്റൽ ഗവർണറേറ്റിൽ നടന്ന പ്രത്യേക ചടങ്ങിൽ മീഡിയവൺ-ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ പുരസ്കാരം കാപിറ്റൽ ഗവർണർക്ക് കൈമാറി.
രാജ്യത്തിെൻറ വളർച്ചയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ കാപിറ്റൽ ഗവർണർ പ്രശംസിച്ചു. ഇന്ത്യയുമായും പ്രവാസികളുമായും തനിക്കുള്ള സവിശേഷമായ ബന്ധവും അദ്ദേഹം അനുസ്മരിച്ചു. കേരള ആരോഗ്യമന്ത്രി വീണ ജോർജാണ് മീഡിയവൺ ടെലിവിഷനിലൂടെ കാപിറ്റൽ ഗവർണർക്കും ബഹ്റൈനിലെ വിവിധ വ്യക്തികൾക്കും സംഘടനകൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കോവിഡ് ഭീതി വിതച്ച ആദ്യ നാളുകൾ മുതൽതന്നെ കാപിറ്റൽ ഗവർണറേറ്റിനു കീഴിൽ മാതൃകാപരമായ ദുരിതാശ്വാസപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പതിനായിരക്കണക്കിനു ഭക്ഷ്യവിഭവ കിറ്റുകളാണ് വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് എത്തിച്ചു നൽകിയത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദുരിതകാലത്ത് ആരോഗ്യ പരിരക്ഷയും ക്ഷേമവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഗവർണറേറ്റിെൻറ സംരംഭങ്ങളും പദ്ധതികളും വിജയംകണ്ടു. സഹായമർഹിക്കുന്നവർക്ക് സമാശ്വാസമെത്തിക്കാൻ 'ഒരുമിച്ച് ഞങ്ങളുടെ കരുതൽ' എന്ന പേരിൽ ഗവർണറേറ്റ് വിപുലമായ കാമ്പയിൻ നടത്തി. വിവിധ സന്നദ്ധ സംഘങ്ങൾ, സംഘടനകൾ, ക്ലബുകൾ എന്നിവയുടെ സഹായത്തോടെ 13,871 ഭക്ഷണക്കിറ്റുകളാണ് എത്തിച്ചുനൽകിയത്. റമദാൻ മാസത്തിൽ 5,56,840 ഇഫ്താർ കിറ്റുകളും നൽകി.
പ്രവാസി സംഘടനകളുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസുഫ് യഅ്ഖൂബ് ലോറി, 'ഒരുമിച്ച് നമ്മുടെ കരുതൽ' പദ്ധതി മേധാവി ആൻറണി പൗലോസ് കുന്നംപുഴ, കാപിറ്റൽ ഗവർണറേറ്റിലെ വിവിധ ഉദ്യോഗസ്ഥർ, മീഡിയവൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജലീൽ അബ്ദുല്ല എന്നിവർ പുരസ്കാര ദാനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.