മനാമ: കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ബഹ്റൈനിൽ അധിവസിക്കുന്ന ഇന്ത്യക്കാർ പൊതുവെ സംതൃപ്തരാണെന്നും ബഹ്റൈൻ ഇന്ന് കൈവരിച്ച പുരോഗതിക്കൊപ്പം നടന്നവരാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെന്നും പീയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യക്കാരുടെ ഇടയിൽ, വിശിഷ്യ മലയാളികളുടെ ഇടയിൽ വളരെ ജനകീയനായ അംബാസഡറാണ് പീയൂഷ് ശ്രീവാസ്തവയെന്ന് ഇതിനകം മനസ്സിലായെന്നും ഇന്ത്യൻ പ്രവാസികളുടെ ദൈനംദിന വിഷയങ്ങളിൽ നേരിട്ട് പ്രവർത്തിക്കുന്നത് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതായും മന്ത്രി പറഞ്ഞു.
ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹരായ പ്രവാസികൾക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കി കൂടുതൽ ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കാൻ അംബാസഡർ ഇടപെടണമെന്ന് ജനറൽ സെക്രട്ടറി അഭ്യർഥിച്ചു. നിലവിൽ തടസ്സങ്ങൾ നീക്കി പരമാവധി പ്രവാസികളുടെ ആവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളിൽ എംബസിയെ നേരിട്ട് ബന്ധപ്പെടാമെന്നും അംബാസഡർ അറിയിച്ചു.
ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച പാലം-ദി ബ്രിഡ്ജ് സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി എം.ബി. രാജേഷ്. സമീപഭാവിയിൽ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ കുടുംബസമേതം സന്ദർശിക്കുമെന്നു പറഞ്ഞ അംബാസഡർ ബഹ്റൈനിലെ മലയാളി കൂട്ടായ്മകളുടെ ഐക്യത്തെ പ്രകീർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.