മലയാളം മിഷൻ പ്രവർത്തകരുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
മനാമ: കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. മലയാളം മിഷെൻറ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള മലയാളം മിഷൻ പ്രവർത്തകരുമായി കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ ഒാൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇൗ ആവശ്യം ഉന്നയിച്ചത്.
പ്രവാസികളെ നാടുമായി ബന്ധിപ്പിക്കുന്നത് സാംസ്കാരിക ഘടകങ്ങൾ ആണെന്നും അതിനാൽ സാഹിത്യം, കല, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രവാസികളെ കൂടുതൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകലാ ആക്കാദമി, ഫോക്ലോർ അക്കാദമി, നോർക്ക തുടങ്ങിയ സ്ഥാപനങ്ങളിൽ അർഹരായ പ്രവാസികൾക്ക് പങ്കാളിത്തം ഉറപ്പുവരുത്തണം. ഇപ്പോൾ നിർത്തിയ പ്രവാസി മലയാളികൾക്കുള്ള നാടക മത്സരം പുനരാരംഭിക്കണം. മലയാള ഭാഷ പഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ അഹോരാത്രം പ്രയത്നിക്കുന്ന പാഠശാല അധ്യാപകർക്ക് ഗ്രാൻറ് നൽകുന്നത് പരിഗണിക്കണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യർഥിച്ചു.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബഹ്റൈനിൽനിന്ന് സോമൻ ബേബി, ബിജു എം. സതീഷ്, പ്രദീപ് പത്തേരി, ഫിറോസ് തിരുവത്ര, നന്ദകുമാർ എടപ്പാൾ, മിഷാ നന്ദകുമാർ, രജിത അനി തുടങ്ങിയവർ പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജം ആണ് ആദ്യമായി ഗൾഫിൽ മലയാള ഭാഷ പഠനം ആരംഭിച്ചത്. കൂടാതെ 10 വർഷമായി മലയാളം മിഷെൻറ കീഴിൽ ആണ് ഇവിടെ ഭാഷ പഠനം നടക്കുന്നത്. 2000ൽ അധികം കുട്ടികൾ ഏഴ് സെൻററുകളിലായി പഠനം നടത്തുന്ന ഇവിടെ 80ൽ പരം അധ്യാപകരും 100ഒാളം സന്നദ്ധപ്രവർത്തകരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.