മനാമ: 99.92 ശതമാനം സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം പാലിച്ചതായി തൊഴിൽമന്ത്രി ജമീൽ മുഹമ്മദ് ബിൻ അലി ഹുമൈദാൻ വ്യക്തമാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. ഈ കാലയളവിലെ തൊഴിൽ നിരോധനം വ്യാഴാഴ്ച അവസാനിച്ചു. നിയമം പ്രാബല്യത്തിലുണ്ടായിരുന്ന കാലയളവിൽ തൊഴിലുടമകളുടെ 16 ലംഘനങ്ങളും തൊഴിലാളികളുടെ 31 നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരുടെ കർമശേഷി മെച്ചപ്പെട്ടരൂപത്തിൽ ഉപയോഗപ്പെടുത്തുന്നതിനും നിയമംമൂലം സാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കാനും ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാനും ഇതിലൂടെ സാധിച്ചു. 2013ൽ നടപ്പാക്കിത്തുടങ്ങിയ ഉച്ചവിശ്രമനിയമം തുടർച്ചയായി 11 വർഷം നടപ്പാക്കിയതിന്റെ ചാരിതാർഥ്യം ഏറെ വലുതാണ്.
ഉച്ച 12 മുതൽ നാലുവരെയുള്ള സമയം വെയിൽ നേരിട്ടേൽക്കുന്ന തൊഴിൽ ചെയ്യുന്നവർക്കാണ് ഉച്ചവിശ്രമം നിയമം നടപ്പാക്കിയത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ സ്ഥാപനങ്ങൾ നിയമം പാലിക്കാൻ മുന്നോട്ടുവന്നത് ശുഭസൂചകമാണ്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണവും പരിശോധനകളുമുണ്ടായിരുന്നു. 21,723 സന്ദർശനങ്ങളാണ് തൊഴിലിടങ്ങളിൽ നടത്തിയത്. തൊഴിലാളികളുടെ സുരക്ഷയോടൊപ്പം സൂര്യാതപം മുതലായ അവസ്ഥകളിൽനിന്നും തൊഴിലാളികളെ ഒഴിവാക്കാനും സാധിച്ചു. നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.