മനാമ: ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന അറബ്-ചൈനീസ് വ്യവസായികളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും അവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.
അറബ് രാജ്യങ്ങളും ചൈനയും തമ്മിൽ വ്യാപാര, സാമ്പത്തിക മേഖലകളിലുള്ള സഹകരണം മേഖലക്ക് ഗുണകരമാകുമെന്ന് വിലയിരുത്തി. കൂടുതൽ നിക്ഷേപ അവസരങ്ങൾ തുറന്നിടാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാരണമാകുമെന്നും മന്ത്രിമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സൗദിയുടെ പ്രത്യേക താൽപര്യവും അതനുസരിച്ചുള്ള നടപടികളുടെ വേഗതയും അമ്പരപ്പിക്കുന്നതാണെന്ന് ആദിൽ ഫഖ്റു കൂട്ടിച്ചേർത്തു.
മനാമ: ബ്രൂണെ ദാറുസ്സലാം രാജാവ് സുൽത്താൻ അൽ ഹാജ് ഹസൻ അൽ ബൽഖിയയും സംഘവും ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. ബ്രൂണെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് അബ്ദുൽ മതീൻ, വിവിധ മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
യാത്രയയപ്പ് ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ്, ദക്ഷിണ മേഖല ഗവർണർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ബഹ്റൈനും ബ്രൂണെ ദാറുസ്സലാമും തമ്മിൽ നിരവധി സഹകരണ കരാറുകളിലാണ് ഒപ്പുവെച്ചാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.