മനാമ: ബഹ്റൈനിലെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയം വിവിധ ഡയറക്ടറേറ്റുകളിലായി 25 സേവനങ്ങൾ ഓൺലൈനാക്കി.
മൈനേഴ്സ് ഫണ്ട് ആൻഡ് അഫയേഴ്സ് ഡയറക്ടറേറ്റിലെ എട്ടു സേവനങ്ങൾ ഇതിൽപെടും. പ്രായപൂർത്തിയാകാത്തവർക്കുള്ള സ്വത്തുക്കളുടെയും ജംഗമ ഫണ്ടുകളുടെയും വിൽപന, ജീവിതച്ചെലവ് അഭ്യർഥനകൾ, നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകൾ എന്നിവയെല്ലാം നവീകരിച്ച സേവനങ്ങളിൽപെടുന്നു.
ഈ മെച്ചപ്പെടുത്തലുകൾ മൂലം സേവന സമയത്തിലും ആവശ്യമായ രേഖകളുടെ എണ്ണത്തിലും 50 ശതമാനം കുറവ് വന്നതായി നീതിന്യായ, ഇസ്ലാമികകാര്യ, എൻഡോവ്മെന്റ് മന്ത്രി, നവാഫ് ബിൻ മുഹമ്മദ് അൽ മൗദ വ്യക്തമാക്കി. സേവന അപേക്ഷകൾക്കുള്ള ഘട്ടങ്ങളുടെ എണ്ണം കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ദേശീയപദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.
സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നടപടിക്രമങ്ങൾ ലഘൂകരിക്കുക, പേപ്പർ വർക്കുകൾ കുറക്കുക, എല്ലാ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള നിർണായക നടപടിയാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.