മനാമ : ഗൾഫ് മാധ്യമം ബഹ്റൈനിൽ തുടങ്ങിയതിനു സാക്ഷിയാണ് ഞാൻ. ഞാൻ ഗൾഫ് ഡെയ്ലി ന്യൂസിൽ (ജി.ഡി.എൻ) ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലമാണത്. നാട്ടിൽ മനോരമ പത്രത്തിൽ അഞ്ചുവർഷം ജോലി നോക്കിയശേഷമാണ് 1978ൽ ഞാൻ ബഹ്റൈനിലെത്തുന്നത്. അന്ന് പുതുതായി തുടങ്ങുന്ന ജി.ഡി.എന്നിൽ ഞാൻ ജോയിൻ ചെയ്യുകയായിരുന്നു. ജി.ഡി.എൻ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ തുടക്കത്തിനും അങ്ങനെ നോക്കുമ്പോൾ ഞാൻ സാക്ഷിയാണ്.
ഗൾഫ്മാധ്യമം തുടങ്ങിയതു മുതലാണ് നാട്ടിലെ വാർത്തകൾ പ്രവാസികൾക്ക് അപ്പപ്പോൾ അറിയാൻ സാധിച്ചത്. അതന്ന് വലിയ കാര്യമായിരുന്നു. ഇന്നത്തെപ്പോലെ ഫോണും സംവിധാനങ്ങളും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. അന്നും ഇന്നും നല്ല വായനാനുഭവം പകർന്നുനൽകുന്ന പത്രമാണ് ഗൾഫ് മാധ്യമം. വളരെ ശക്തവും കാലികപ്രസക്തവുമാണ് അതിന്റെ എഡിറ്റോറിയലുകൾ. ഞാനത് അന്നുമിന്നും മുടങ്ങാതെ വായിക്കുന്നു. ലോക വാർത്തകൾ അറിയാൻ മറ്റൊരു പത്രത്തിന്റെ ആവശ്യമില്ല എന്നതാണ് ഗൾഫ് മാധ്യമം വായനക്കാരന്റെ അനുഭവം.
നാട്ടിലെ വാർത്തകളും അതോടൊപ്പം വിദേശ വാർത്തകളും അത് പ്രസിദ്ധീകരിക്കുന്നു. പ്രവാസികളുടെ എല്ലാ വിഷയങ്ങളും ഈ പത്രം ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണ ഒരു ദിനപത്രം മാത്രമല്ല ഇതെന്ന് തോന്നിയിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങളിൽ അഭിപ്രായ രൂപവത്കരണം നടത്താനും ഇന്ത്യയിലെ അധികാരികളെക്കൊണ്ട് നടപടികളെടുപ്പിക്കാനും ഗൾഫ്
മാധ്യമത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഗൾഫ് മാധ്യമം വായിക്കുമ്പോൾ അനിർവചനീയമായ സന്തോഷമാണ് അനുഭവിക്കുന്നത് എന്നത് അതിശയോക്തിയല്ല. 25ാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ പത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ പത്രത്തിന്റെ വരിക്കാരാകാൻ എല്ലാ പ്രവാസികളോടും അഭ്യർഥിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.