മനാമ: മൊറോക്കോയിലെ ഭൂകമ്പദുരിതബാധിതർക്കുള്ള ആദ്യ സഹായം ഈ ആഴ്ച അയക്കുമെന്ന് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്.
മൊറോക്കോ അധികാരികളുമായും വിദേശ മന്ത്രാലയവുമായും ഏകോപിപ്പിച്ചായിരിക്കും ഇത് ചെയ്യുക. മൊറോക്കോക്ക് അടിയന്തര സഹായം എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശിച്ചിരുന്നു.
ബി.ഡി.എഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ആവശ്യമായ എല്ലാ ലോജിസ്റ്റിക് സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിനിരകളായ മൊറോക്കൻ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും അടിയന്തര മാനുഷിക ദുരിതാശ്വാസസഹായം ആദ്യം അയക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തത്തെ അതിജീവിക്കുന്നതിൽ ബഹ്റൈൻ ഗവൺമെന്റിന്റെയും ജനങ്ങളുടെയും പിന്തുണയും ഐക്യദാർഢ്യവും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മൊറോക്കോയിലെ മുഹമ്മദ് രാജാവിനെ അറിയിച്ചിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മൊറോക്കൻ രാജാവ് മുഹമ്മദ്, കിരീടാവകാശി മൗലേ ഹസൻ രാജകുമാരൻ, പ്രധാനമന്ത്രി അസീസ് അഖന്നൗച്ച് എന്നിവർക്ക് അനുശോചന സന്ദേശമയച്ചിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുംവേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കാണിക്കുന്ന താൽപര്യത്തെ ഡോ. മുസ്തഫ അസ്സയ്യിദ് അഭിനന്ദിച്ചു.
മനാമ: മൊറോക്കോയിലുള്ള ബഹ്റൈനികൾ സുരക്ഷിതരാണെന്ന് മൊറോക്കോയിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് ബിൻ സൽമാൻ ബിൻ ജബർ അൽ മുസല്ലം അറിയിച്ചു. ബഹ്റൈൻ എംബസിയിൽ വിളിച്ച് ബഹ്റൈനികൾ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. ഇത് വരെയുള്ള റിപ്പോർട്ട് പ്രകാരം ആർക്കും ജീവാപായമുണ്ടാവുകയോ പരിക്കേൽക്കുകകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 2,000 ത്തിലേറെ പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.