മനാമ: യാതനകൾ നിറഞ്ഞ ആടുജീവിതത്തിനുശേഷം, ഉപജീവനം തേടി താൻ വർഷങ്ങളോളം ജോലി ചെയ്ത പവിഴദ്വീപിന്റെ മണ്ണിൽ വീണ്ടും നജീബെത്തി. ഇക്കുറി അന്നത്തെ കുപ്പിയും പാട്ടയും പെറുക്കുന്ന തൊഴിലാളിയായല്ല, സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായാണ് നജീബ് എത്തിയത്. ഭാര്യയെയും ആദ്യമായി ബഹ്റൈൻ കാണിക്കാനായെന്ന സന്തോഷവുമുണ്ട്. ഭാര്യാസഹോദരനായ ഹുസൈൻ നൽകിയ സ്റ്റുഡിയോയുടെ വിസയിലാണ് ദുരിതം നിറഞ്ഞ ആടുജീവിതത്തിൽനിന്നും രക്ഷപ്പെട്ടെത്തിയ നജീബ് വർഷങ്ങൾക്കുമുമ്പ് ബഹ്റൈനിലെത്തിയത്. ഉപജീവനം തേടിയിരുന്ന നജീബിന് അമേരിക്കൻ നേവി ആസ്ഥാനത്ത് പാട്ടയും ടിന്നും പെറുക്കുന്ന ജോലിയാണ് അന്ന് ലഭിച്ചത്.
ജോലി പ്രയാസമേറിയതാണെന്ന് ജോലി തരപ്പെടുത്തിക്കൊടുത്ത അമേരിക്കൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന സുനിൽ മാവേലിക്കര പറഞ്ഞപ്പോൾ താൻ ഇതിനുമുമ്പു ചെയ്ത ജോലിയോളം പ്രയാസമുള്ള വേറെയൊന്നുമുണ്ടാകില്ല എന്നായിരുന്നു നജീബ് പറഞ്ഞത്. പിന്നീട് പലപ്പോഴായി നജീബ് സുനിൽ മാവേലിക്കരയോട് തന്റെ അനുഭവങ്ങൾ പറഞ്ഞതാണ് വഴിത്തിരിവായത്. സുനിൽ അത് സഹപ്രവർത്തകനായിരുന്ന ബെന്യാമിനോട് പറയുകയും നജീബിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ബെന്യാമിൻ അത് പ്രമേയമാക്കി നോവൽ പൂർത്തിയാക്കുകയുമായിരുന്നു.നോവൽ പുറത്തുവന്നതോടെ നോവലിലെ കേന്ദ്രകഥാപാത്രമായ നജീബിനെയും നാടറിഞ്ഞു.നോവലിന് സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതോടെ നജീബിനും സ്വീകരണങ്ങൾ ലഭിച്ചു. പൃഥ്വിരാജിനെ നായകനാക്കി നോവൽ െബ്ലസി സിനിമയാക്കിയതോടെ നജീബ് വീണ്ടും പ്രശസ്തിയിലേക്കുയർന്നു.
ഗൾഫിലും നാട്ടിലുമായി നിരവധി ഉദ്ഘാടനങ്ങളിലും പരിപാടികളിലും മെഗാ ഷോകളിൽ അതിഥിയായി പങ്കെടുത്തു. ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും നജീബിനായി കാത്തിരുന്നു. പൃഥ്വിരാജും, എ.ആർ. റഹ്മാനും സമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ നൽകി. ബഹ്റൈനിൽ എത്തിയതു മുതൽ പഴയ സുഹൃത്തുക്കളും നാട്ടുകാരായ പ്രവാസികളും ‘ആടുജീവിതം’ സിനിമ കണ്ടവരുമടക്കം വിളിക്കുന്നുണ്ട്.ഹരിഗീതപുരം ബഹ്റൈന്റെ പരിപാടിക്കുപുറമെ പടവ് കുടുംബവേദിയുടെ സ്വീകരണ ചടങ്ങിലും നജീബ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.