മനാമ: സെപ്റ്റംബർ 12ന് നടക്കുന്ന 'നീറ്റ്' മെഡിക്കൽ പ്രവേശന പരീക്ഷക്ക് ബഹ്റൈനിലും കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. ദുബൈയിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച സാഹചര്യത്തിൽ ബഹ്റൈനിലും കേന്ദ്രം ലഭിക്കാൻ സമ്മർദം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാന യാത്രക്കുള്ള തടസ്സങ്ങളാണ് പ്രവാസി വിദ്യാർഥികൾക്ക് മുന്നിൽ വിലങ്ങുതടിയായത്. മുൻ വർഷങ്ങളിൽ നാട്ടിലെ കേന്ദ്രങ്ങളിൽ എത്തിയാണ് ഇവർ പരീക്ഷ എഴുതിയത്. എന്നാൽ, പ്രതികൂല സാഹചര്യത്തിൽ ബഹ്റൈനിൽ പരീക്ഷ കേന്ദ്രം അനുവദിച്ചാൽ വിദ്യാർഥികൾക്ക് ഉപകാരമാകും.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ബഹ്റൈനിലും പരീക്ഷ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാറിനോട് ഉന്നയിച്ചതായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ചാണ് നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. ബഹ്റൈനിൽനിന്ന് 150ൽ താഴെ വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. അതേസമയം, ദുബൈയിലും കുവൈത്തിലും 500ന് മുകളിൽ വിദ്യാർഥികളുണ്ട്. വിദ്യാർഥികൾ കുറവാണെങ്കിലും ബഹ്റൈനിൽ പരീക്ഷ കേന്ദ്രം അനുവദിച്ചുകിട്ടാൻ ശ്രമം ഉൗർജിതമായി നടത്തുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു.
ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയും ഇൗ ആവശ്യം ഉന്നയിക്കുന്നു. ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.െഎ കൗൺസിൽ, െഎ.സി.എഫ്, കെ.എം.സി.സി തുടങ്ങിയ സംഘടനകളും രംഗത്തെത്തി. വിവിധ സംഘടനകൾ ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും നിവേദനം നൽകി. കേന്ദ്രം അനുവദിച്ചാൽ, അയൽരാജ്യമായ സൗദിയിൽനിന്നുള്ള വിദ്യാർഥികൾക്കും ഉപകാരപ്പെടും. കിങ് ഫഹദ് കോസ്വേ വഴി ഇവർക്ക് എളുപ്പത്തിൽ ബഹ്റൈനിൽ എത്താനാകും.
മനാമ: അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ 'നീറ്റി'ന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കം ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്റൈനില്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ വിദ്യാർഥികള്‍ നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷക്കായി കാത്തിരിക്കുകയാണ്.
ബഹ്റൈനില്‍ പരീക്ഷ കേന്ദ്രം അനുവദിക്കാത്തപക്ഷം നിരവധി കുട്ടികളുടെ ഭാവിയെ ബാധിക്കും. അതിനാല്‍, യാത്രാപരിമിതിയുടെ ഇക്കാലത്ത് എല്ലായിടങ്ങളിലും പരീക്ഷ കേന്ദ്രം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ ആക്ടിങ് പ്രസിഡൻറ് ഗഫൂര്‍ കയ്പമംഗലം, ആക്ടിങ് ജന. സെക്രട്ടറി കെ.പി. മുസ്തഫ എന്നിവര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളുടെ പരിശീലനവും തയാറെടുപ്പും നടത്തിയാണ് വിദ്യാർഥികള്‍ നീറ്റ് പരീക്ഷക്ക് കാത്തിരിക്കുന്നത്. അതിനാല്‍, കേന്ദ്രങ്ങളുടെ അഭാവം കാരണം കുട്ടികളുടെ ഭാവി ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുത്.
യു.എ.ഇയിലും കുവൈത്തിലും കേന്ദ്രങ്ങൾ അനുവദിച്ചതിന് സമാനമായി ബഹ്റൈനിലും പരീക്ഷാകേന്ദ്രം ഒരുക്കാൻ തടസ്സമില്ല. ഇക്കാര്യങ്ങള്‍ സർക്കാറിെൻറയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്താൻ നടപടികള്‍ കെ.എം.സി.സി നടത്തുമെന്നും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്ക അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.