മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വ്യക്തമാക്കി. സുരക്ഷിതമായ അധ്യയന വർഷം ഒരുക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളാണ് തയാറാക്കിയിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സിലബസും അവ പൂർത്തിയാക്കുന്നതിനുള്ള സമയക്രമവും അദ്ദേഹം വിശദീകരിച്ചു.
വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പുതിയ അധ്യയന വർഷത്തേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. വിവിധ സ്കൂളുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്. പുതുതായി 10,000 കുട്ടികൾക്ക് ഈ വർഷം പ്രവേശനം നൽകിയതായും അദ്ദേഹം അറിയിച്ചു. പ്രൈമറി വിദ്യാർഥികൾക്ക് 12.30 വരെയും അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 1.30 വരെയും സെക്കൻഡറി വിദ്യാർഥികൾക്ക് രണ്ടുമണി വരെയുമാണ് പഠനമുണ്ടാവുക.
വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച പുതിയ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയ വിനിമയവും സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്ന തരത്തിലുള്ള ഷെഡ്യൂളായിരിക്കുമിത്.
വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വിവിധ വൈജ്ഞാനിക കഴിവുകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ള നിരവധി വിദ്യാഭ്യാസ പരിപാടികൾ പുതിയ അധ്യയന വർഷം നടപ്പാക്കും. പ്രൈമറി തലത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിൽ ഇംഗ്ലീഷിൽ വായനാ നൈപുണിക്ക് പ്രതിവാര ക്ലാസുകൾ നടത്തും.
എഴുത്ത്, സംസാരം എന്നിവയിലും ശേഷിയുണ്ടാക്കും. അറബി ഭാഷയിലും വിദ്യാർഥികളുടെ പ്രാവീണ്യം ഉയർത്തും. ഖുർആൻ പാരായണത്തിന് പീരിയഡുകൾ അനുവദിക്കുമെന്നും അതുവഴി വിദ്യാർഥികളുടെ മൂല്യവത്കരണത്തിന് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.