മനാമ: 2035ഓടെ ബഹ്റൈനിൽ പുതിയ ഒരു വിമാനത്താവള ടെർമിനൽ കൂടി നിർമിക്കാൻ ഉദ്ദേശിക്കുന്നതായി ബഹ്റൈൻ ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി. മനാമയിലെ റൂട്ട്സ് വേൾഡ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 40 ദശലക്ഷം മുതൽ 50 ദശലക്ഷം വരെ വാർഷിക യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രീൻഫീൽഡ് പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള വിമാനത്താവളത്തിന്റെ പരമാവധി ശേഷി ഏകദേശം 14 ദശലക്ഷം വാർഷിക യാത്രക്കാരാണ്. ഈ വർഷം ഏകദേശം 9.5 ദശലക്ഷം യാത്രക്കാർ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 2024 സെപ്റ്റംബറിൽ മൊത്തം 720,546 യാത്രക്കാർ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയതായാണ് ഏറ്റവും പുതിയ കണക്കുകൾ.
വിനോദസഞ്ചാരം, ലോജിസ്റ്റിക്സ് എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായി ബഹ്റൈനെ മാറ്റുക എന്ന ഉദേശ്യത്തോടെ നടക്കുന്ന പദ്ധതികളുടെ ഭാഗമായി യാത്രക്കാരുടെ എണ്ണം എല്ലാ വർഷവും വർധിക്കും. അതിനാൽ ഭാവി സാധ്യതകൾ കൂടി പരിഗണിച്ചാണ് പുതിയ ടെർമിനൽ ഉദ്ദേശിക്കുന്നത്. ഗ്രീൻഫീൽഡ് എയർപോർട്ട് പ്രൊജക്ടിന്റെ സാധ്യതാ പഠനം നടത്തുന്നതിന് നെതർലൻഡ്സ് വിമാനത്താവള കൺസൾട്ടന്റിന് കരാർ നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണ് പുതിയ വിമാനത്താവളം ഉദ്ദേശിക്കുന്നത്. വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള ഇതര മേഖലകളുടെ വികസനത്തിന് രാജ്യം ഇപ്പോൾ വലിയ പ്രാധാന്യം നൽകിവരുകയാണ്.
എണ്ണ ഇതര മേഖലകളിൽ രാജ്യം വലിയ വളർച്ചാനിരക്കാണ് കാണിക്കുന്നത്. അതുകൊണ്ട് ഭാവി സാധ്യതകൾ ഏറെയാണ്. അതുകൂടി പരിഗണിച്ചുള്ള വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
2026ഓടെ ലക്ഷ്യസ്ഥാനങ്ങൾ 100 ആയി ഉയർത്തുമെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് വ്യക്തമാക്കിയിരുന്നു. ആഗോള സർവിസ് ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ഗൾഫ് മേഖലയിലെ പ്രധാന വ്യോമയാന കേന്ദ്രമായി മാറാനുള്ള ബഹ്റൈന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി റൂട്ട്സ് വേൾഡ് 2024 സമ്മേളന വേദിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.