മനാമ: ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കെ.എ.സി.എ ഹാൾ) നടന്നു. സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.കാശ് മൂലധനം എന്നതിനപ്പുറം മസ്തിഷ്ക മൂലധനം എന്ന പുതിയ സമ്പദ് രീതി കേരള സർക്കാർ അവലംബിക്കുകയാണ്. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടം കൊണ്ടുവരുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.
സർവകലാശാലകൾ ഭരിക്കുന്ന കേരള ഗവർണറാകട്ടെ, കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുകയാണ്. ഇത് അധികകാലം തുടരാൻ കഴിയുന്നതല്ല. ജീവിതത്തിന്റെ സകല തുറകളിലും വികസനം കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞു. പ്രവാസികളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ 35 ശതമാനം വരുമാനം കൊണ്ടുവരുന്നത്. സർക്കാറിന്റെ സഹായങ്ങൾ ലഭ്യമാകുന്നതിനപ്പുറം പ്രവാസം അവസാനിച്ചാലും അറ്റകുറ്റപ്പണികൾ നടത്തി കൊണ്ടുപോകാവുന്ന ചെറിയ വീടുകൾ വെച്ച് ധനമാനേജ്മെന്റ് പുഷ്ടിപ്പെടുത്താൻ ഓരോ പ്രവാസിക്കും കരുതൽ ഉണ്ടാകണമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. സംഘടക സമിതി ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എൻ.കെ. അശോകനും അനുശോചനപ്രമേയം ജോ. സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും അവതരിപ്പിച്ചു. അനഘ രാജീവൻ, ഡോ. ശിവകീർത്തി രവീന്ദ്രൻ, റാം ഒഞ്ചിയം, ബിനു മണ്ണിൽ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി റിപ്പോർട്ട് അവതരിപ്പിച്ചു.
ലോക കേരളസഭ അംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, കേരള പ്രവാസി സംസ്ഥാന കമ്മിറ്റിഅംഗം പി. ചന്ദ്രൻ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി. അശോകൻ, വീരമണി, മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പുനഃസംഘടനക്കും വിപുലമായ നൈപുണ്യ വികസന പരിപാടിക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും സൃഷ്ടിക്കുന്നതിനും പ്രവാസി മലയാളികളെ കൂടെ ഭാഗഭാക്കാക്കുകയും ചെയ്യുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 വിജയിപ്പിക്കണമെന്നും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ മനഃപൂർവം സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുകയും അനാവശ്യ തടസ്സവാദം ഉന്നയിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ അത്തരം നെറികെട്ട രീതിയിൽനിന്ന് പിന്മാറണമെന്നും വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
2023-25 കാലയളവിലേക്ക് 21 അംഗ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ബിനു മണ്ണിൽ പ്രസിഡന്റ്, നിഷ സതീഷ്, നൗഷാദ് പുനൂർ (വൈ. പ്രസിഡന്റുമാർ), മിജോഷ് മൊറാഴ ജനറൽ സെക്രട്ടറി, സജീഷ പ്രജിൽ, കെ.വി. മഹേഷ് (ജോ. സെക്രട്ടറിമാർ), രഞ്ജിത് കുന്നന്താനം ട്രഷറർ, അനീഷ് കരിവള്ളൂർ മെംബർഷിപ് സെക്ര, സുലേഷ് അസി. മെംബർഷിപ് സെക്രട്ടറി, കെ.പി. അനിൽ കുമാർ ലൈബ്രേറിയൻ, പ്രജിൽ മണിയൂർ കലാവിഭാഗം സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ. ഷിജു പിണറായി, ഗിരീഷ്, ശാന്തകുമാരി മോഹൻ, ജയകുമാർ, നിരൻ സുബ്രഹ്മണ്യൻ, മുരളികൃഷ്ണൻ, എം. സജീവൻ, ബിനു കരുണാകരൻ, റീഗ പ്രദീപ്, പ്രദീപ് പതേരി, അഡ്വ. ജോയ് വെട്ടിയാടൻ എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ. കെ. അനീഷ് ഇന്റേണൽ ഓഡിറ്ററായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.