ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശനകവാടത്തിൽ നിർമിച്ച സുരക്ഷാ കാബിൻ
ഉദ്ഘാടനം സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിക്കുന്നു
മനാമ: ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശനകവാടത്തിൽ പുതുതായി നിർമിച്ച സുരക്ഷാ കാബിൻ തുറന്നു. പുതിയ സുരക്ഷാ കാബിന്റെ ഉദ്ഘാടനം സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, രഞ്ജിനി മോഹൻ, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവരും ഒപ്പം സ്കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, മുൻ ഭരണസമിതി അംഗങ്ങളായ എൻ.എസ്. പ്രേമലത, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, കമ്യൂണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.
സ്കൂൾ വാർഷിക ജനറൽ ബോഡി യോഗത്തിന്റെ ആവശ്യമായ അംഗീകാരം ലഭിച്ചശേഷമാണ് ഇന്ത്യൻ സ്കൂൾ പുതിയ സുരക്ഷാ കാബിൻ നിർമിച്ചത്. മുൻ ഭരണസമിതി അംഗം രാജേഷ് എം.എൻ ആണ് പദ്ധതി നിർദേശിച്ചത്. കാമ്പസ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സുരക്ഷാ കാബിനിൽ സി.സി.ടി.വി സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പുതുതായി തുറന്ന കാബിനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും സന്ദർശകർക്കുംവേണ്ടി പ്രത്യേക മുറികൾ സജ്ജമാക്കിയിരിക്കുന്നു.
സ്കൂൾ കോമ്പൗണ്ടിലും ഇടനാഴികളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സുരക്ഷിതവും ജാഗ്രതയുമുള്ള അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ അർപ്പണബോധത്തിന് അടിവരയിടുന്നതാണ് ഈ നിർമാണ പ്രവർത്തനമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.