മനാമ: പോയവർഷത്തിന്റെ നേട്ടങ്ങളും നഷ്ടങ്ങളും ഇനി പഴങ്കഥയാണ്. 2024 വിരുന്നെത്തുമ്പോൾ പഴയ ഓർമകളെ മാറ്റിനിർത്തി പുതിയ പ്രതീക്ഷകളുടെ അനന്ത വിഹായസ്സിലേക്ക് ചിറകടിക്കുന്ന പക്ഷികളാകാനാണ് ശ്രമിക്കേണ്ടത്.
കോവിഡ് മഹാമാരി ഏൽപിച്ച ആഘാതത്തിൽനിന്ന് ലോകത്തോടൊപ്പം രാജ്യവും കരകയറിക്കഴിഞ്ഞു. സാമ്പത്തികമായും സാമൂഹികമായും കരുത്തോടെ ജൈത്രയാത്ര തുടരുന്ന രാജ്യത്തെയാണ് നമ്മൾ കഴിഞ്ഞവർഷം കണ്ടത്. തീർച്ചയായും സാമ്പത്തികരംഗത്തുൾപ്പെടെ ഇനിയും ബഹുകാതം മുന്നേറേണ്ടതുണ്ട്. രാജ്യം സ്വീകരിച്ചിട്ടുള്ള നടപടികൾ, പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ എല്ലാം ഈ ദിശയിലുള്ളതാണ്. അതുകൊണ്ടുതന്നെ ഈ വർഷം പ്രതീക്ഷാനിർഭരമായിരിക്കുമെന്ന് കരുതാം.
നിരാശയുടെയും സങ്കടങ്ങളുടെയും മേലാപ്പുകൾ മാറ്റിവെച്ച് പുതിയ പ്രഭാതത്തിനായി കാതോർക്കുമ്പോൾ നാം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെയാണ് പരിഹരിക്കേണ്ടതെന്നും പ്രവാസികളുടെ അതിജീവനത്തിന് ഇന്ത്യൻ ഗവൺമെന്റ് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സംബന്ധിച്ച് പരിണിതപ്രജ്ഞരായ സാമൂഹിക പ്രവർത്തകർ സംസാരിക്കുന്നു.
പി.വി. രാധാകൃഷ്ണ പിള്ള (പ്രസിഡന്റ്, ബഹ്റൈൻ കേരളീയ സമാജം)
പ്രവാസികൾക്ക് നിയമ നിർമാണസഭകളിൽ പ്രാതിനിധ്യം വേണം
ലോകം പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി ഒരു പുതുവർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡ് മഹാമാരിയിൽനിന്ന് ഒരുവിധം കരകയറി ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലൂടെയാണ് ലോകജനത കഴിഞ്ഞ വർഷവും കടന്നുപോയത്. ബഹ്റൈനിലെ മലയാളികളുടെ മാതൃസംഘടന എന്ന നിലയിൽ പ്രവാസികളുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ ഊഷ്മളവും സജീവവുമാക്കി നിലനിർത്താൻ ബഹ്റൈൻ കേരളീയ സമാജത്തിന് ഒരു പരിധിവരെ കഴിഞ്ഞെന്ന ചാരിതാർഥ്യവുമായാണ് ഞങ്ങൾ 2023 നോട് വിടപറയുന്നത്. മനുഷ്യന്റെ ആന്തരികമായ സന്തോഷത്തിന് കലയും സാംസ്കാരിക പ്രവർത്തനങ്ങളും എത്രമാത്രം ആവശ്യമാണെന്ന ബോധവും ബോധ്യവും ഓരോ പൊതുപ്രവർത്തകനുമുണ്ടാകേണ്ടതുണ്ട്.
പഴയതുപോലെ ധനസമ്പാദനം സാധ്യമാകുന്ന ഒരു അവസ്ഥാവിശേഷവും ഇന്ന് ഗൾഫിൽ നിലവിലില്ല. ജോലി നഷ്ടപ്പെടുന്നതും ബിസിനസ് തകരുന്നതും ഇപ്പോൾ ഒരു തുടർക്കഥയായി മാറി. ഡിസംബറിൽ മാത്രം നടന്ന ആത്മഹത്യകൾ കൂടുതലും സാമ്പത്തിക തകർച്ചയെതുടർന്നാണ് എന്നത് നല്ലൊരു സൂചനയല്ല.
മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ ക്ഷേമം ഒരു വിഷയമായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും പലപ്പോഴും അധരവ്യായാമമായി പര്യവസാനിക്കുകയാണ് പതിവ്. കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നിയമനിർമാണ സഭകളിൽ അവർക്ക് പ്രാതിനിധ്യം ഉണ്ടായേ തീരൂ. 30 ലക്ഷത്തിലധികം ഇന്ത്യക്കാർ ജീവിക്കുന്ന ഗൾഫ് മേഖലയെ ഒരു മണ്ഡലമായി കരുതി അവരുടെ പ്രാതിനിധ്യം നിയമനിർമാണ സഭകളിൽ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകേണ്ടതാണ്.
പമ്പാവാസൻ നായർ (മാനേജിങ് ഡയറക്ടർ, അമാദ് ഗ്രൂപ് ഓഫ് കമ്പനീസ്)
ചുവപ്പുനാടകൾ അഴിഞ്ഞാല്‍, പ്രവാസികൾ പുതിയ സംരംഭങ്ങളുമായി മുന്നോട്ടുവരും
മൂന്നര കോടി വരുന്ന കേരള ജനതയിൽ 20 വയസ്സിനും 60 വയസ്സിനും മധ്യേയുള്ള ഒന്നര കോടിയിൽ 35-40 ശതമാനത്തോളം പേർ പ്രവാസികളാണ്. കേരളത്തിനകത്തും പുറത്തും ജീവിക്കുന്ന തന്റെ കുടുംബാംഗങ്ങൾക്കാവശ്യമായ ജീവിത സൗകര്യങ്ങൾ നൽകുന്ന ഈ പ്രവാസികൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം തന്നെയാണ്. എല്ലാ പാർട്ടികളും ഇലക്ഷൻ സമയത്തും മറ്റ് പല കാര്യങ്ങൾക്കും പ്രവാസികളെ സമീപിക്കുക എന്നല്ലാതെ പ്രവാസികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നാളിതുവരെയും പാലിച്ചിട്ടില്ല. നമ്മുടെ രാഷ്ട്രത്തിന്റെ ജി.ഡി.പിയുടെ 25 ശതമാനത്തിൽ കൂടുതൽ പ്രവാസികളിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്. ഇന്ന് കേരളത്തിൽ കാണുന്ന അഭിവൃദ്ധിയുടെയും ഉന്നത ജീവിതനിലവാരത്തിന്റെയും കാരണം പ്രവാസികളാണ്.
15 വർഷത്തിൽ കൂടുതൽ സർവിസ് ഉള്ള എല്ലാ പ്രവാസികൾക്കും 55 വയസ്സ് കഴിയുമ്പോൾ അവരുടെ വരുമാനത്തിന്റെ ശരാശരി അനുസരിച്ച് 5000 രൂപയിൽ കുറയാതെ പെൻഷൻ കൊടുക്കേണ്ടതാണ്. കൂടുതൽ വരുമാനം ഉള്ളവരെയും ബിസിനസുകാരെയും ഇതിൽനിന്ന് ഒഴിവാക്കാം. വ്യത്യസ്ത കാരണങ്ങൾ കൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്തണം. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ കഠിനാധ്വാനികളായ പ്രവാസികൾക്ക് മെച്ചപ്പെട്ട സംരംഭങ്ങൾ തുടങ്ങാനുള്ള ലോണുകളും മറ്റ് സഹായ സഹകരണങ്ങളും എളുപ്പത്തിൽ ലഭ്യമാക്കേണ്ടതും സർക്കാർ ഉത്തരവാദിത്തമാണ്. അധികാരം ദുർവിനിയോഗം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ എടുക്കാൻ കഴിഞ്ഞാൽ, അനാവശ്യമായ തൊഴിൽ സമരങ്ങൾ ഒഴിവാക്കിയാൽ, ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്ന നിയമവ്യവസ്ഥകളുടെ കെട്ടഴിക്കാന്‍ കഴിഞ്ഞാല്‍, പ്രവാസികൾ പുതിയ സംരംഭങ്ങൾ തുടങ്ങാനായി മുന്നോട്ടുവരുമെന്ന് എനിക്കുറപ്പുണ്ട്.
എബ്രഹാം ജോൺ
കരുതലോടുകൂടി, എന്നാൽ പ്രതീക്ഷയോടെ
2024 പ്രത്യാശയുടെയും പ്രതീക്ഷയുടെയും വർഷമായി തീരട്ടേയെന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു. പ്രവാസികളായ നമ്മളെ സംബന്ധിച്ച വളരെ ആലോചിച്ച് മുമ്പോട്ട് പോകേണ്ടതായ ഒരു സാഹചര്യം കാണാതെ പോകരുത്. പ്രത്യേകിച്ച് മധ്യപൂർവഷ്യ മേഖലയിലെ സാഹചര്യത്തിൽ വളരെ കരുതലോടെ ആയിരിക്കണം നീങ്ങേണ്ടത്. എന്നാൽ, എടുത്തുപറയേണ്ടത് ബഹ്റൈൻ രാജ്യത്ത് ജീവിക്കുന്നവരായ പ്രവാസികളായ നമ്മളെ സംബന്ധിച്ചിടത്തോളം വളരെയധികം ആകുലപ്പെടേണ്ടതായിട്ടില്ല എന്നതാണ്. പ്രതീക്ഷ നൽകുന്ന പുതിയ പദ്ധതികളും അതോടൊപ്പം എണ്ണമേഖലയിൽകൂടി ലഭിക്കുന്ന അധിക വരുമാനവുംമൂലം ബഹ്റൈന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. വരവിൽ കവിഞ്ഞ് ചെലവഴിക്കാതെ 2024 ഐശ്വര്യപൂർണവും സമാധാനപൂർണമായിരിക്കട്ടെ എന്നുകൂടി ആശംസിക്കുന്നു.
സുബൈർ കണ്ണൂർ (ലോകകേരള സഭാംഗം, പ്രതിഭ രക്ഷാധികാരി സമിതി അംഗം)
ഇന്ത്യയുടെ വികസനത്തിന് പ്രവാസി സമൂഹത്തെ ഉപയോഗപ്പെടുത്തണം
1970 കളിൽ തുടങ്ങിയ ഗൾഫ് പ്രവാസം അരനൂറ്റാണ്ടിലധികം കാലം പിന്നിട്ടുകഴിഞ്ഞു. ലക്ഷക്കണക്കിനാൾക്കാരാണ് ഇതുവരെ അതികഠിനമായ വഴികളിലൂടെ പ്രവാസഭൂമിയിൽ കുടിയേറുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ വികസനത്തിന് പ്രവാസികൾ നൽകിയ സംഭാവന മികച്ചതാണെന്ന് ഏതൊരാൾക്കും അറിയാം. എന്നാൽ, ഗൾഫ് പ്രവാസം അതികഠിനമാകുന്ന കാലമാണിത്.
സാമ്പത്തികപ്രശ്നങ്ങളും മറ്റും പ്രവാസികളിൽ വർധിച്ചുവരുകയാണ്. ആത്മഹത്യകളും കൂടുന്നെന്നത് ആശങ്കാവഹമാണ്. സ്വദേശിവത്കരണം വിവിധ തൊഴിൽ മേഖലകളിൽ പ്രവാസികളുടെ എണ്ണം പൊതുവെ കുറച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെട്ട് നമ്മുടെ നാട്ടിലെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ പ്രവാസി സമൂഹത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് കൊണ്ടുവരേണ്ടതുണ്ട്. പ്രവാസികളുടെ അതിജീവനത്തിനുള്ള നടപടികൾ സ്വീകരിക്കുകയും രാജ്യവികസനത്തിന് അവരുടെ സംഭാവനകൾ സ്വീകരിക്കുകയും ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം.
ബിനു മണ്ണിൽ (ചെയർമാൻ, ഇന്ത്യൻ സ്കൂൾ)
മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം
പ്രതീക്ഷയുടെ പ്രഭാതകിരണങ്ങളുമായി പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന എല്ലാ പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ. ഓരോ പ്രവാസിയും അവരുടെ കുടുംബത്തിന്റെ പ്രതീക്ഷയാണ്. ഇന്നത്തെ ജീവിത സാഹചര്യം പലപ്പോഴും പ്രവാസിയുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
നിരവധിപേർ മാനസിക സമ്മർദം മൂലം മരണപ്പെടുന്ന സാഹചര്യം ഉണ്ട്. ഇങ്ങനെ വിടപറയുന്നവരെ അവസാനമായി ഒരു നോക്കുകാണാൻ ഉറ്റവർക്ക്, അവസരം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക്, മുന്നിൽ വരുന്ന വിലങ്ങുതടിയാണ് വലിയ വിമാന യാത്രാക്കൂലി. ഈ ചെലവ് കുറക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ സൗജന്യമായി പ്രവാസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം എന്നാണ് ഈ പുതുവത്സരത്തിൽ സർക്കാറിനോട് അഭ്യർഥിക്കാനുള്ളത്.
സനീഷ് കൂറുമുള്ളിൽ
(ചെയർമാൻ,ഗുരുദേവ സോഷ്യൽ സൊസൈറ്റി)
പുതുവർഷം നന്മ നിറഞ്ഞതാകട്ടെ
80 ശതമാനത്തിൽ അധികം വരുന്ന സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ അധികമായി ചർച്ച ചെയ്യപ്പെട്ടു കാണാറില്ല. പ്രത്യേകിച്ചും സമ്മതിദാനാവകാശം ഓൺലൈനായി ചെയ്യാനുള്ള സൗകര്യം, പ്രവാസികൾക്ക് ജോലി മതിയാക്കി വന്നുകഴിഞ്ഞാൽ ജീവിക്കാനുള്ളൊരു പെൻഷൻ സ്കീം, വേനൽ അവധിക്കാലത്ത് യാത്ര ചെയ്യാൻ കുറഞ്ഞ നിരക്കിൽ വരുമാനമനുസരിച്ചോ അല്ലാതെയോ കുറച്ചു ടിക്കറ്റുകൾ മാറ്റിവെക്കാൻ സൗകര്യം ചെയ്യുക, അല്ലെങ്കിൽ മാസാമാസം ഒരു ചെറിയ തുക ഈടാക്കിക്കൊണ്ട് വർഷത്തിൽ 1 -2 ടിക്കറ്റുകൾ ആ പൂളിൽനിന്ന് ഇഷ്യൂ ചെയ്യുന്ന രീതി അവലംബിക്കുക, മരണപ്പെടുന്നവരുടെ ശരീരം സൗജന്യമായി കൊണ്ടുപോകാൻ എംബസി വഴി സൗകര്യമൊരുക്കണം.
സഈദ് റമദാൻ (ഫ്രൻഡ്സ് അസോസിയേഷൻ)
പ്രവാസി വോട്ടവകാശം യാഥാർഥ്യമാകണം
പ്രവാസം തുടങ്ങിയതുമുതൽ നിരന്തരമായി ഉയർത്തുന്ന ആവശ്യമാണ് പ്രവാസി വോട്ടവകാശമെന്നത്. എന്നാൽ, കാലങ്ങളായി വന്ന സർക്കാറുകൾക്ക് ഒന്നുംതന്നെ ഏറ്റവും വലിയ ജനനാധിപത്യ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ഈയാവശ്യം പൂർത്തീകരിക്കാൻ സാധ്യമായിട്ടില്ലെന്നത് ദുഃഖകരമാണ്. കൂടാതെ ഇരട്ട പൗരത്വ പദവി വിവിധ ലോകരാഷ്ട്രങ്ങൾ അംഗീകരിക്കുമ്പോൾ അതിനോടും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് പലപ്പോഴും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. പ്രവാസികൾ മരണപ്പെട്ടാൽ സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യത്തിനും പ്രവാസത്തോളം പഴക്കമുണ്ട്.
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും പദ്ധതികളുണ്ടാകേണ്ടതുണ്ട്. അനിയന്ത്രിത വിമാനയാത്ര നിരക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഇന്നും അങ്ങനെതന്നെ നിലനിൽക്കുന്നു. ബധിരകർണങ്ങളിൽ മുഴങ്ങുന്ന ആവശ്യങ്ങളായി മാത്രം പ്രവാസികളുടെ രോദനങ്ങളാകാതിരിക്കാൻ ഈ പുതുവർഷത്തിലെങ്കിലും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ശ്രദ്ധവെച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു
ഹബീബ് റഹ്മാന് എ.കെ (കെ.എം.സി.സി)
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രം ഇടപെടണം
പുതുവര്‍ഷത്തെ എല്ലാവരും പ്രതീക്ഷകളോടെയാണ് കാണുന്നത്. വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന വിഭാഗമാണ് പ്രവാസികള്‍. പോസ്റ്റ് കോവിഡ് കാലഘട്ടം അവര്‍ക്ക് സമ്മാനിച്ചത് മെച്ചപ്പെട്ട പ്രതീക്ഷകളല്ല. കോവിഡാനന്തരം ലോക വിപണിയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ഇരകളാണ് പ്രവാസികള്‍. തൊഴില്‍ നഷ്ടം, ശമ്പളം കിട്ടാതിരിക്കല്‍, ആരോഗ്യ പ്രശ്നങ്ങള്‍ അങ്ങനെ പ്രതിസന്ധിയിലൂടെയാണ് പ്രവാസി സമൂഹം കടന്നുപോകുന്നത്. . തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണം. അതുപോലെ, കോവിഡ് പ്രവാസികളില്‍ സൃഷ്ടിച്ച മാനസിക, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് യൂനിയന്‍ സര്‍ക്കാര്‍ അടിയന്തര പഠനം നടത്തേണ്ടതുണ്ട്. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാറുകളുമായി യോജിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കണം.
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കി നല്‍കുക, കേന്ദ്ര സര്‍ക്കാര്‍തലത്തില്‍ പ്രവാസി ക്ഷേമനിധി ആരംഭിക്കുക, ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഇടപെടുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പുതിയ വര്‍ഷത്തിലെങ്കിലും സാധ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ബഷീർ അമ്പലായി
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടിയുണ്ടാകണം
ഗൾഫ് പ്രവാസികളായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വിവിധ വിഷയങ്ങളിൽ ഏറെ പ്രയാസങ്ങൾ അനുഭവപ്പെട്ട കാലഘട്ടമാണിത്. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല , മാനസിക സംഘർഷം, തൊഴിലില്ലായ്മ അങ്ങനെ ഒട്ടനവധി വിഷയങ്ങൾ നേരിടേണ്ടിവരുന്നു. കോറോണയുടെ രണ്ടാം വരവ് പ്രവാസ ലോകത്ത് വീണ്ടും ആശങ്കകൾ തീർക്കുകയാണ്. അത്തരം ഒരു ഘട്ടം ലോകത്ത് ഒരിടത്തും വരാതിരിക്കട്ടെ എന്ന് 2024 വരവേൽക്കുമ്പോൾ പ്രാർഥിക്കുകയാണ്. നാട്ടിലാകട്ടെ തൊഴിലില്ലായ്മകളും ഉയർന്ന സാമ്പത്തിക ചെലവുകളും ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നു. അതുകൊണ്ടുമാത്രം പ്രവാസ ലോകത്ത് പിടിച്ചുനിൽക്കാൻ നോക്കുന്ന നിരവധിപേരെ കാണാറുണ്ട്. ഇതിനൊക്കെ പരിഹാരം കാണണമെങ്കിൽ ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ ആവശ്യമാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ,ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ സത്വര നടപടികളുണ്ടാകണം. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനൊക്കെ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം. പ്രവാസികളുടെ മനസ്സ് നിറയുന്ന ഒരു പുതുവർഷത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത്.
സുധീർ തിരുനിലത്ത്, (കൺട്രി ഹെഡ് പ്രവാസി ലീഗൽ സെൽ)
തിരിച്ചുപോകുന്ന പ്രവാസികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തണം
പ്രവാസസമൂഹം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഗൾഫ് നാടുകളിൽ സ്വദേശിവത്കരണത്തെത്തുടർന്ന് പല തൊഴിൽ മേഖലകളും പ്രവാസികൾക്ക് അന്യമായിട്ടുണ്ട്. നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിയും വന്നു. അവരുടെ ഡേറ്റ ഇന്ത്യൻ സർക്കാറിന്റെ കൈയിൽ ഇല്ല. അത് ശേഖരിച്ചുകൊണ്ട് അവരുടെ സേവനം രാഷ്ട്രവികസനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം. ഇന്ത്യയിൽ നടക്കുന്ന അടിസ്ഥാന വികസന പദ്ധതികളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനും അങ്ങനെ ഇവരുടെ പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസർക്കാർ തയാറാകണം.
ഫസലുൾ ഹഖ്
ഉന്നത വിദ്യാഭ്യാസത്തിന് അവസരമില്ല എന്നത് പരിഹരിക്കപ്പെടണം
പുതുവർഷം കടന്നുവരുമ്പോൾ പ്രവാസികൾ നേരിടുന്ന അനേകം പ്രശ്നങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് ഗൾഫ് നാടുകളിൽ അവസരമൊരുക്കുക എന്നത് അതിൽ പ്രധാനമാണ്. വിസിറ്റ് വിസയിലുള്ളവർക്കും ഇന്ത്യൻ എംബസിയിൽ നിന്ന് എല്ലാ സർവിസുകളും ലഭ്യമാക്കുന്നത് വളരെയേറെ പ്രയോജനപ്രദമായിരിക്കും.പ്രവാസികൾക്ക് പാസ്പോർട്ട് ലഭിക്കാനുള്ള കാല താമസം ഒഴിവാക്കേണ്ടതുണ്ട്. പ്രവാസികൾക്ക് പാസ്പോർട്ടിൽ മിസലേനിയസ് സർവിസിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുക,സീസണുകളിലെ വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുക എന്നീ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയാണെങ്കിൽ ഏറെ പ്രയോജനപ്രദമായിരിക്കും.
ബിനു കുന്നന്താനം (ഒ.ഐ.സി.സി)
തിരിച്ചുവരുന്ന പ്രവാസികൾക്ക് തൊഴിൽ സംവരണം വേണം
ലോകം മുഴുവൻ പുതിയ പ്രതീക്ഷകളുമായി പുതിയ വർഷത്തെ വരവേൽക്കാൻ തയാറായിനിൽക്കുന്ന സമയത്ത് പ്രവാസി സമൂഹം വളരെ പ്രതിസന്ധികളോടെയാണ് പുതിയ വർഷത്തെ വരവേൽക്കുന്നത്. ഏറ്റവും കൂടുതൽ നമ്മെ ഭയപ്പെടുത്തുന്നത് കോവിഡിന് ശേഷം പ്രവാസ ലോകത്ത് ഉണ്ടായിരിക്കുന്ന മരണങ്ങൾ തന്നെയാണ്. ബിസിനസ് പരാജയങ്ങളും, മറ്റ് സാമ്പത്തിക കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ പറ്റാതെ മരണത്തിൽ അഭയം കണ്ടെത്തുന്ന പ്രവാസികൾ.മാന്യമായി ജീവിക്കാൻ ഉള്ള വരുമാനം കണ്ടെത്താൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയുണ്ട്. നമ്മൾ അധിവസിക്കുന്ന ഗൾഫ് മേഖലയിൽ ജീവിക്കുന്ന ആളുകൾ തൊഴിൽ മേഖലയിലും, ചെലവിന്റെ കാര്യത്തിലും വളരെ പ്രതിസന്ധികളാണ് തരണം ചെയ്യുന്നത്.
പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കാത്ത ആളുകളെ തിരികെ നാട്ടിൽ എത്തിക്കാനും അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ സർക്കാർ/ സ്വകാര്യ മേഖലകളിൽ ജോലികൾ ലഭ്യമാക്കാൻ വേണ്ട ജോബ് പോർട്ടലുകളും തൊഴിൽ മേഖലയിൽ തിരിച്ചുവരുന്ന പ്രവാസികൾക്ക് സംവരണം അടക്കമുള്ള പദ്ധതികളുമായി സർക്കാറുകൾ മുന്നോട്ടുവരണം എന്ന് അഭ്യർഥിക്കുന്നു.
കെ.ടി. സലിം
യാത്രനിരക്ക് തന്നെ പ്രധാന പ്രശ്നം
പ്രവാസികൾ പുതുവർഷത്തിലും നേരിടാൻ പോകുന്ന ഏറ്റവും കാതലായ വിഷയം യാത്രനിരക്ക് തന്നെയായിരിക്കും. കപ്പൽ യാത്ര തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പായാൽ ആശ്വാസം ഉണ്ടാകുമെന്ന് കരുതാം. പാസ്പോർട്ട് പുതുക്കിക്കിട്ടാനുള്ള താമസമാണ് മറ്റൊരു പ്രശ്നം. ഓൺലൈൻ സംവിധാനം സാർവത്രികമായ ഇക്കാലത്ത് പാസ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. കേരള നോർക്ക മാതൃകയിൽ കേന്ദ്ര സർക്കാറിന്റെ കീഴിയിൽ ഒരു ഡിപ്പാർട്ട്മെന്റ് എന്ന നിർദേശം നടപ്പാക്കിയാൽ ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളായി വരുന്ന എല്ലാവർക്കും അത് വലിയ ഗുണം ചെയ്യും.
അഷ്കർ പൂഴിത്തല (എം.സി.എം.എ സെക്രട്ടറി)
തൊഴിലാളികളായ പ്രവാസികൾക്ക് ഗുണം കിട്ടണം
പുതുവർഷത്തെ വലിയ പ്രതീക്ഷകളോടെയാണ് പ്രവാസിലോകം ഉറ്റുനോക്കുന്നത്. പ്രവാസികളുടെ നിലവിലുള്ള ജീവിതം അത്ര സുഖകരമല്ല. പല സാഹചര്യങ്ങളാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രവാസികൾ ബുദ്ധിമുട്ടുകയാണ്. മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ. പ്രവാസിയെ സഹായിക്കാൻ ഗവൺമെന്റും അധികൃതരും മുന്നോട്ടുവരണം. ഗൾഫിലെത്തുന്ന നേതാക്കൾ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ യാഥാർഥ്യമാകാറില്ല. ഈ പുതുവർഷത്തിലെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷയാണ് പ്രവാസിക്ക് കൈമുതലായുള്ളത്.
വിനു ക്രിസ്റ്റി (ജനറൽ സെക്രട്ടറി കെ.സി.എ)
പ്രവാസിക്ക് അർഹിക്കുന്ന പ്രാധാന്യം ജന്മനാട് നൽകുന്നുണ്ടോ
കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിലെ അടുപ്പിൽ തീ പുകയുന്നതിനുവേണ്ടി മലയാളി അറേബ്യൻ മണ്ണിൽ ചുരത്തിയ വിയർപ്പിന്റെ ഗന്ധം കേരളം പിന്നിട്ട വികസന നാഴികക്കല്ലുകളിൽ ഒരു കൈയൊപ്പുപോലെ അനുഭവവേദ്യമാണ്.എന്നിരുന്നാലും വർഷങ്ങൾക്കപ്പുറം പ്രവാസിക്ക് അവർ അർഹിക്കുന്ന പ്രാധാന്യം ജന്മനാട് നൽകുന്നുണ്ടോ എന്നൊരു ചോദ്യം ബാക്കി നിൽക്കുന്നു. ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഗുരുതരമായ രോഗങ്ങളുടെ നീരാളി പ്പിടിത്തത്തിൽ ഞെരുങ്ങിയമർന്ന് ജീവിതം തള്ളിനീക്കുന്ന പ്രവാസികളുടെ ദുരിത ജീവിതങ്ങൾ കൺമുന്നിലെ മറക്കാനാവാത്ത കാഴ്ചയായി മാറുകയാണ്. നവകേരള നിർമിതിക്ക് ഇത്രയേറെ നിർണായക പങ്കുവഹിച്ച പ്രവാസി സമൂഹത്തിനുവേണ്ടി ആരോഗ്യ സേവന പദ്ധതികളിലും സാമൂഹിക സാങ്കേതിക പരിഷ്കരണ പ്രവർത്തനങ്ങളിലും പ്രവാസികളുടെ മക്കൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതികളിലും സാമ്പത്തിക സഹായ പദ്ധതികളിലും വേണ്ടത്ര പ്രാധാന്യം പ്രവാസ മേഖലക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണം.
പ്രവീൺ നായർ (പ്രസിഡന്റ്, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ
പ്രവാസികൾക്കുവേണ്ടി പുതിയ പദ്ധതികളുണ്ടാകണം
പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസലോകം വരവേൽക്കുന്നത്. കോവിഡ്കാല പ്രതിസനികളിൽനിന്ന് ലോകജനത കരകയറിവരുന്നതേയുള്ളൂ. പ്രവാസികൾ പൂർണമായും അതിൽനിന്ന് മുക്തരായിട്ടില്ല. പ്രവാസികൾക്ക് എപ്പോഴും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന സർക്കാറാണ് ഇന്ത്യൻ സർക്കാർ. പ്രവാസികൾക്കുവേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ഈ പുതുവർഷത്തിൽ നമുക്ക് ഒട്ടനവധി പുതിയ പദ്ധതികൾ പ്രതീക്ഷിക്കുകയാണ്. അത് സഫലമാകുന്നത് നാടിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും ഗുണകരമായിരിക്കും. എല്ലാവർക്കും കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പുതുവത്സര ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.