മനാമ: ബഹ്റൈനിൽ പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വിൽപനക്കും വാങ്ങാനും സർക്കാർ പ്ലോട്ടുകൾ അനുവദിക്കുന്നതിനുള്ള നിർദേശത്തിന് മുനിസിപ്പൽ കൗൺസിലർമാരുടെ പിന്തുണ. ഗതാഗതക്കുരുക്കും അനിയന്ത്രിതമായ വാഹന വ്യാപാരവും പരിഹരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് ഈ നിർദേശത്തെ കണക്കാക്കുന്നത്.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ബസെമ മുബാറക്കിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. റോഡരികുകളിലും പാർപ്പിട ഏരിയകളിലും നിലവിൽ തുടർന്നുപോരുന്ന ഈ സംവിധാനം ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. മാത്രമല്ല, പുതിയ പ്ലോട്ടുകൾ അനുവദിക്കുന്നതിലൂടെ നഗരങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാനാകുമെന്നും വാഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിയമപരമായും പ്രഫഷനലായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവുമെന്നും സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അൽ സയീദ് പറഞ്ഞു.
മുഹറഖ് മുനിസിപ്പൽ കൗൺസിലിൽ ഇന്നലെ നടന്ന പ്രതിവാര യോഗത്തിൽ കൗൺസിലർമാർ ഈ നീക്കത്തിന് വോട്ട് ചെയ്തു. എന്നാൽ, അനുവദിച്ച പ്ലോട്ടുകളിലെ പരിമിതമായ സ്ഥലങ്ങളിലുണ്ടായേക്കാവുന്ന തിരക്കിലും അവിടെയുണ്ടാകാനാനിടയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ചില ആശങ്കകൾ എം.പിമാർ ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.