മസ്കത്ത്: വിദേശത്ത് സ്കോളർഷിപ് മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള വിദ്യാർഥി, അക്കാദമിക് കൈമാറ്റവുമായി ബന്ധപ്പെട്ടും ഒമാനും റഷ്യയും ചർച്ച നടത്തി. ഫെഡറേഷൻ കൗൺസിൽ കമ്മിറ്റി ഓഫ് സോഷ്യൽ പോളിസിയുടെ ഡെപ്യൂട്ടി ചെയർ മുഹമ്മദ് അഖ്മദോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ പാർലമെന്ററി ഫ്രൻഡ്ഷിപ് ഗ്രൂപ്പിന്റെ പ്രതിനിധി സംഘവുമായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശകലനം ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഗവേഷണ സഹകരണത്തിനുള്ള അവസരങ്ങളും ഉന്നതവിദ്യാഭ്യാസത്തെ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുന്നതിലെ റഷ്യൻ അനുഭവത്തിൽനിന്ന് പ്രയോജനം നേടുന്നതിനെ കുറിച്ചും അവലോകനം ചെയ്തു. ഒരു ജോയന്റ് ആക്ഷൻ ടീം രൂപവത്കരിക്കാനും ഒമാൻ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന സംയുക്ത പരിപാടി ഏകോപിപ്പിക്കാനും ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചു. ഒമാൻ-റഷ്യ പാർലമെന്ററി ഫ്രൻഡ്ഷിപ് ഗ്രൂപ്പിലെ ഒമാനി തലവൻ ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ ഹാർത്തി, ഒമാനിലെ റഷ്യൻ അംബാസഡർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.