മലപ്പുറം പാലക്കാട് ജില്ല അതിർത്തിയോടു ചേർന്നുകിടക്കുന്ന ആലിപ്പറമ്പ് എന്ന വള്ളുവനാടൻ ഗ്രാമത്തിലെ ഓണക്കാലംതന്നെയാണ് എന്നും എന്റെ മനസ്സിൽ. വർണാഭമായ ഓർമകൾ ഒന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ ഞങ്ങൾ ആലിപ്പറമ്പുകാർ ഓരോ ഓണവും സന്തോഷത്തോടെ ആഘോഷിച്ചിരുന്നു. നഗരപ്രദേശങ്ങളിൽനിന്ന് വളരെ ദൂരെയായതുകൊണ്ടുതന്നെ ഓണക്കാലത്തുണ്ടാകുന്ന തിരക്കുകളോ പച്ചക്കറികളുടെ വില വ്യത്യാസങ്ങളോ ഒന്നുംതന്നെ ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല.
പറമ്പിലും പാടത്തും നട്ടുപിടിപ്പിച്ച പച്ചക്കറികൾ ചിങ്ങമാസമാകുമ്പോഴേക്കും വിളവെടുപ്പിനു തയാറായിട്ടുണ്ടാവും. അത്തം തുടങ്ങുമ്പോഴേക്കും നേന്ത്രക്കായ, ചേന, കാച്ചിൽ, മത്തൻ, വെള്ളരി തുടങ്ങിയവ എന്റെ തറവാട്ടിലേക്ക് എത്തിച്ചിട്ടുണ്ടാകും. വലിയ കായക്കുലകൾ ചാക്കിൽ പൊതിഞ്ഞ് പടിഞ്ഞാറ്റിയിൽ കെട്ടി വെക്കും. പഴംപുഴുങ്ങിയതും പപ്പടവും ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.
വറുക്കാനുള്ള കായയും ചേനയും പ്രത്യേകം മാറ്റിവെക്കും. കാളൻ, പുളിയിഞ്ചി, മാങ്ങാക്കറി, നാരങ്ങാകറി മുതലായവ നേരത്തേതന്നെ ഉണ്ടാക്കി ഭരണികളിൽ സൂക്ഷിച്ചുവെക്കും. പൂരാടം മുതലേ ഇവയെല്ലാം ഉപയോഗിക്കാൻ അമ്മമ്മ അനുവാദം തരുകയുള്ളൂ.
അത്തനാളിൽ രാവിലെ വട്ടത്തിൽ ചാണകം മെഴുകിയ മുറ്റത്ത് കിഴക്കോട്ടു തിരിഞ്ഞിരുന്ന് നടുക്ക് മുക്കുറ്റിവെച്ചാണ് പൂവിടാൻ തുടങ്ങുന്നത്. ആദ്യം ഒരു വട്ടത്തിൽ ഒതുങ്ങുന്ന പൂക്കളത്തിന്റെ വലുപ്പം ക്രമേണ കൂട്ടിയിടും.
മുറ്റത്തും തൊടിയിലും കാണുന്ന സാധാരണ പൂക്കളാണ് ഉപയോഗിക്കുന്നത്. പിറ്റേദിവസത്തെ പൂക്കളത്തിന് അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാവരുംകൂടി വൈകുന്നേരങ്ങളിൽ പൂക്കൾ പറിക്കാൻ പോകുന്നത് പതിവായിരുന്നു. ആർക്കാണ് കൂടുതൽ പൂ കിട്ടുന്നതെന്നു മത്സരംവരെ വെക്കും ഞങ്ങൾ.
ചിങ്ങമാസത്തിലെ പൂരാടം മുതലാണ് ഓണം തുടങ്ങുന്നതെന്ന് മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. മഹാബലി കേരളത്തിലേക്കു പുറപ്പെടുന്നത് അന്നാണത്രെ. അതുകൊണ്ടാണ് അന്നേ ദിവസം മുതൽ വീടുകളിൽ മാതേവരെ വെക്കുന്നത്. മണ്ണ് കുഴച്ചു നിർമിക്കുന്ന മാതേവരെ അരിമാവുകൊണ്ട് ഭംഗിയായി അണിഞ്ഞ പലകയിൽ വെക്കും. വെയിലും മഴയും കൊള്ളാതിരിക്കാൻ ഒരു ഓലക്കുടയും വെക്കും. ഓണവില്ല് കൊട്ടിയിട്ടാണ് പൂരാട ദിവസം മുതൽ ഈ ചടങ്ങുകൾ ആരംഭിക്കുന്നത്.
കമുകിന്റെ പാത്തിയിൽ മുളകൊണ്ടുള്ള ഞാൺ വലിച്ചുവെച്ചാണ് ഇത് നിർമിക്കുന്നത്. അതിൽ മുളംകമ്പുകൊണ്ട് അടിക്കുമ്പോൾ ഇമ്പമാർന്ന ശബ്ദം കേൾക്കും. ഓണം എത്തുന്നതിനു മാസങ്ങൾക്കു മുമ്പുതന്നെ ഇത് കൊട്ടാനുള്ള പരിശീലനം തുടങ്ങും. വളരെ ചിട്ടയായ പഠനമാണ് ഇതിനാവശ്യം.
അന്യംനിന്നുപോകുന്ന ആചാരത്തിന്റെ ഭാഗമായിരുന്ന ഓണവില്ലെന്ന വാദ്യോപകരണത്തെ വില്ലിന്മേൽ തായമ്പക എന്ന കലാരൂപത്തിലേക്കെത്തിക്കാൻ എന്റെ മുത്തശ്ശനായ ഗംഗാധരമേനോൻ നടത്തിയ പ്രയത്നങ്ങൾ നന്ദിയോടെ ഈ അവസരത്തിൽ ഓർക്കുന്നു. ഓണത്തപ്പനെ വരവേൽക്കാൻ സദ്യപോലെ ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു ഓണവില്ലും.
അത്തം മുതൽ പിന്നെ അങ്ങോട്ട് ഒരു ആവേശമാണ് തിരുവോണദിവസം ഒന്ന് പെട്ടെന്നെത്താൻ. വേറൊന്നിനുമല്ല, അന്നാണ് ഓണക്കോടി ഇടേണ്ട ദിവസം. അന്നൊന്നും കുട്ടികളെ കൊണ്ടുപോയി ഓണം ഷോപ്പിങ് ഒന്നുമില്ല. മുത്തശ്ശനോ അമ്മാവനോ പോയി എല്ലാവർക്കും വേണ്ട ഓണക്കോടികൾ എടുത്തുകൊണ്ടുവരും. അത് ചിലപ്പോൾ നിറമുള്ളതോ ഇല്ലാത്തതോ ഒക്കെ ആകാം.
ഇന്നത്തെപ്പോലെ ഫാഷൻ സങ്കൽപങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ആർക്കും പരാതിയോ പരിഭവമോ ഇല്ല. മനംനിറഞ്ഞ് സന്തോഷിച്ചിരുന്ന ഓണനാളുകൾ. വർഷത്തിൽ ആകെ കിട്ടുന്ന നിറമുള്ള ഉടുപ്പുകൾക്ക് ഒരു വല്ലാത്ത മണമായിരുന്നു. അടുത്ത ഓണം വരെ കാത്തിരിക്കാനുള്ള ഓർമകളുടെ മണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.