മനാമ: കൂടുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐ.ടി.സി) മന്ത്രിതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി മേഖലയിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ അദ്ദേഹം, ഭരണാധികാരികളുടെ നിർദേശങ്ങളുടെ വെളിച്ചത്തിൽ ഇക്കാര്യത്തിൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗം വിലയിരുത്തി. 600 സേവനങ്ങളാണ് നിലവിൽ ഓൺലൈനായി ലഭിക്കുന്നത്. ഇതിൽ 50 സേവനങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചതാണ്. 3.7 ദശലക്ഷം ഇടപാടുകളാണ് കഴിഞ്ഞ വർഷം ഓൺലൈൻവഴി നടന്നത്. ഉയർന്ന ഗുണനിലവാരത്തിൽ സേവനങ്ങൾ നൽകാൻ സാധിച്ചത് നേട്ടമാണെന്നും യോഗം വിലയിരുത്തി. വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നത്.
വ്യക്തിവിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ആവശ്യമുള്ളിടങ്ങളിൽ നൽകുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന ഉടമാവകാശരേഖ എന്നിവ ഡിജിറ്റലായി സമർപ്പിച്ച് ആവശ്യമായ സേവനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതും നേട്ടമാണ്. ‘ബിവെയർ ആപ്പി’ന്റെ പരിഷ്കരിച്ച രൂപം നടപ്പാക്കാൻ യോഗത്തിൽ അംഗീകാരമായി. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഓഫിസുകളുടെയും ഫീസുകൾ ഓൺലൈനായി സ്വീകരിക്കാൻ വിവിധ പേമെന്റ് രീതികൾ അനുവദിക്കുന്ന കാര്യങ്ങളും ചർച്ചയിൽ ഉയർന്നു. ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതിന് ‘ആപ്പിൾ പേ’ വാലറ്റ് ഉപയോഗപ്പെടുത്തുന്നതിന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി നടത്തിയ ശ്രമങ്ങളെ യോഗത്തിൽ മന്ത്രി പ്രശംസിച്ചു. ജനങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.