മനാമ: സ്കൂൾ അവധിക്കാലം ആരംഭിക്കുമ്പോൾ വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നു. ചെറിയ അശ്രദ്ധകൊണ്ട് യാത്രമുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട മുൻകരുതലെടുക്കണം.
തിരക്ക് വർധിച്ചതിനാൽ ചില എയർലൈൻസുകൾ നിശ്ചിത ശതമാനം അധിക ബുക്കിങ് എടുക്കുന്നുണ്ട്. ആരെങ്കിലും യാത്ര റദ്ദാക്കിയാൽ അധിക ബുക്കിങ്ങിലുള്ള ആൾക്ക് സീറ്റ് ലഭിക്കും. എന്നാൽ, സീറ്റ് ഫുൾ ആണെങ്കിൽ കുറച്ചുപേർക്ക് മടങ്ങിപ്പോകേണ്ടിവരാറുണ്ട്. കഴിഞ്ഞ ദിവസം ഇരുപതോളം യാത്രക്കാർക്ക് വിമാനത്താവളത്തിൽനിന്ന് മടങ്ങേണ്ടിവന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തി ബോർഡിങ് നടപടികൾ പൂർത്തിയാക്കണമെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് നിർദേശിച്ചു. വൈകിയെത്തിയാൽ ചിലപ്പോൾ സീറ്റ് കിട്ടാതെ വന്നേക്കാം. റോഡുകളിൽ ഗതാഗതത്തിരക്ക് ഉള്ളതിനാൽ നിശ്ചയിച്ച സമയത്ത് തന്നെ വിമാനത്താവളത്തിൽ എത്താൻ കഴിയണമെന്നില്ല. അതിനാൽ, ഗതാഗതത്തിരക്ക് മുൻകൂട്ടിക്കണ്ട് നേരത്തേ തന്നെ ഇറങ്ങാൻ ശ്രദ്ധിക്കണം.
യാത്രക്ക് തയാറെടുക്കുന്നതിനുമുമ്പുതന്നെ പാസ്പോർട്ടിന്റെ കാലാവധി ഉറപ്പുവരുത്തണം. കാലാവധി കഴിഞ്ഞത് ശ്രദ്ധിക്കാത്തതിനാൽ യാത്ര മുടങ്ങിയവരുണ്ട്. കുട്ടികളുടെ പാസ്പോർട്ടിന് അഞ്ചുവർഷമാണ് കാലാവധിയെന്നത് പ്രത്യേകം ശ്രദ്ധിക്കണം. എയർലൈൻസുകൾ നിഷ്കർഷിക്കുന്ന വലുപ്പത്തിലുള്ള ലഗേജുകളാണ് കൊണ്ടുപോകുന്നതെന്നും ഉറപ്പുവരുത്തണം.
സി.പി.ആർ, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കണം. എന്തെങ്കിലും കാരണവശാൽ ഈ രേഖകൾ ആവശ്യമായി വന്നാൽ ഇത് ഉപകാരപ്പെടും. മൂന്നുമാസം പ്രായമായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ചെക്ക് ഇൻ ലഗേജിൽ വെച്ചതിനാൽ കഴിഞ്ഞദിവസം ഒരു കുടുംബത്തിന്റെ യാത്ര മുടങ്ങിയിരുന്നു. ബഹ്റൈനിൽ ജനിച്ച കുട്ടിയുടെ പാസ്പോർട്ട് എമിഗ്രേഷനിൽ അപ്ഡേറ്റ് ചെയ്യാതിരുന്നതാണ് ജനന സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കാരണമായത്.
വൈകിയെത്തുന്ന യാത്രക്കാർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അധികസമയം ചെലവഴിക്കാതെ ഗേറ്റിലേക്ക് പോകാൻ ശ്രദ്ധിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കറങ്ങിനടന്ന് സമയം വൈകിയതിനാൽ യാത്ര മുടങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഷോപ്പിങ്ങിനിടെ പാസ്പോർട്ടും മറ്റു രേഖകളും വെച്ച് മറന്നുപോകാതിരിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.