ഉപ്പയും ഉമ്മയും സഹോദരങ്ങളും എല്ലാവരും കൂടിയിരുന്ന് നോമ്പുതുറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ വിഷമം നിറയുന്നു. ഉപ്പയും ഉമ്മയും മരിച്ചുപോയി. ഞാനാണെങ്കിൽ ഇന്ന് പ്രവാസത്തിലും. ഉപ്പ മദ്റസ അധ്യാപകനായിരുന്നു. അസർ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കൈയിൽ പഴങ്ങളും മറ്റും കരുതിയിരിക്കും. ചിലപ്പോൾ ഉച്ചക്കുശേഷം കടലിൽനിന്ന് പിടിച്ച മത്സ്യവും ഉണ്ടാവും.
മത്സ്യം അത്താഴത്തിനാണ്. പഴങ്ങൾ എത്തുന്നതും കാത്ത് കോലായിലെ വാതിലിനരികിൽ ഞാൻ നിൽപ്പുണ്ടാകും. ഉപ്പ എത്തിയാൽ ഉമ്മാക്ക് അടുക്കളയിൽ അറിയാം. കാരണം ഉപ്പാക്ക് ശ്വാസംമുട്ടലുണ്ട്. അതിന്‍റെ ഒച്ച ഉമ്മ അടുക്കളയിലേക്ക് കേൾക്കും. ഉടനെ ഉമ്മ വിളിച്ചു പറയും; 'ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ കോലായിൽ കിണ്ടിയിൽ വെള്ളം ഉണ്ടോന്ന് നോക്കിക്കോളൂ, ഉപ്പ വരുന്നുണ്ട്.'
ഉപ്പ മരിച്ചതിനുശേഷം അടുത്തുള്ള ഒരു സ്ത്രീ എന്നോട് പറഞ്ഞിരുന്നു; അവരുടെ വീട്ടിൽ പറയുമായിരുന്നത്രേ, ശ്വാസംമുട്ടൽ ശബ്ദം കേൾക്കുമ്പോൾ അസർ കഴിഞ്ഞ് ബാപ്പു മുസ്‍ലിയാർ വീട്ടിലേക്ക് പോകുന്ന സമയമായി എന്ന്. അങ്ങനെ ഉപ്പയുടെ കൈയിൽനിന്നും കവർ വാങ്ങി അടുക്കളയിൽ കൊണ്ടുപോയി പഴങ്ങൾ മുറിച്ചുവെക്കും. മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയമായാൽ കോലായിൽ വലിയ ഒരു പ്ലാസ്റ്റിക് സവറ വിരിക്കും. അപ്പോഴേക്കും ഉമ്മയും പെങ്ങന്മാരും നോമ്പുതുറക്കുള്ള എല്ലാ വിഭവങ്ങളും തയാറാക്കിയിരിക്കും. അതിൽ റവ കൊണ്ടുള്ള തരിക്കഞ്ഞിയും ഉണ്ടാവും.
എനിക്ക് ഉപ്പയുടെകൂടെ ഇരിക്കാനാണ് മോഹം. എങ്കിലും പലപ്പോഴും അത് നടക്കാറില്ല. കാരണം, എന്നേക്കാൾ രണ്ടുവയസ്സ് കൂടുതലുള്ള ജ്യേഷ്ഠൻ ഉപ്പയുടെ ഒരു ഭാഗത്തും മറുഭാഗത്ത് ഇളയ സഹോദരിയുമാണ് ഇരിക്കാറ്.
എങ്കിലും അവർക്ക് ഇടയിലൂടെ ഉപ്പയുടെ കൈ എന്റെ വായിലും ചിലപ്പോഴൊക്കെ പലഹാരങ്ങൾവെച്ചുതരും. ഉപ്പയുടെ കൈയിൽനിന്നും അങ്ങനെ കിട്ടുക എന്നതൊക്കെ ഒരു അനുഭൂതി തന്നെയായിരുന്നു. പിന്നെ, ഉപ്പാക്കും ഉമ്മാക്കും ജ്യേഷ്ഠനോട് കുറച്ച് കൂടുതൽ സഹതാപം ഉള്ളത് മറ്റൊന്നും കൊണ്ടല്ല എന്ന് എനിക്ക് അറിയാമായിരുന്നു. .
വായനക്കാർക്ക് എഴുതാം.
'റമദാൻ നൊസ്റ്റാൾജിയ'യിലേക്ക് വായനക്കാർക്കും എഴുതാം. റമദാൻ ഓർമ്മകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.