മനാമ: വിവിധ രാജ്യങ്ങളിലേക്ക് പുതുതായി നിയോഗിച്ച അംബാസഡർമാർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തമേറ്റെടുത്തു.
ഫ്രാൻസിലേക്കുള്ള ബഹ്റൈൻ അംബാസഡർ ഇസാം അബ്ദുൽ അസീസ് അൽജാസിം, ഇറ്റലിയിലേക്കുള്ള ബഹ്റൈൻ അംബാസഡർ ഉസാമ അബ്ദുല്ല അൽ അബ്സി, മലേഷ്യയിലേക്കുള്ള ബഹ്റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മാനിഅ്, ജോർഡനിലേക്കുള്ള ബഹ്റൈൻ അംബാസഡർ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, അൽജീരിയയിലേക്കുള്ള ബഹ്റൈൻ അംബാസഡർ അലി ജാസിം അഹ്മദ് അൽ അറാദി, തുനീഷ്യയിലേക്കുള്ള ബഹ്റൈൻ അംബാസഡർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഈദ്, തുർക്കിയയിലേക്കുള്ള ബഹ്റൈൻ അംബാസഡർ ബസ്സാം അഹ്മദ് മർസൂഖ്, കൊറിയയിലേക്കുള്ള ബഹ്റൈൻ അംബാസഡർ സുഊദ് ഹസൻ അന്നസ്ഫ്, ഇറാഖിലേക്കുള്ള ബഹ്റൈൻ അംബാസഡർ ഖാലിദ് അഹ്മദ് അൽ മൻസൂർ എന്നിവരിൽനിന്നാണ് പ്രതിജ്ഞ സ്വീകരിച്ചത്.
ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ പുതുതായി ചുമതലയേറ്റ അംബാസഡർമാർക്ക് സാധ്യമാകട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു.
തങ്ങളിൽ ഏൽപിച്ച വിശ്വാസത്തിനനുസൃതമായി പ്രവർത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് അംബാസഡർമാർ വ്യക്തമാക്കി. സഖീർ പാലസിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, സ്പോർട്സ് ജനറൽ അതോറിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.