ദോഹ: ഫലസ്തീനിലെ പുതിയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. സാഇബ് ഇറാകാത്തുമായി ഫോൺ സംഭാഷണം നടത്തി.ഫലസ്തീനിലെ രാഷ്ട്രീയ സാഹചര്യങ്ങളും മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും വിശകലനം ചെയ്തു.
ഫലസ്തീന് പിന്തുണ നൽകുന്ന നിലപാടാണ് ഖത്തറിന് എന്നും ഉള്ളതെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഖത്തറിെൻറ ശക്തമായ പിന്തുണയുണ്ടാകുമെന്നും പി.എൽ.ഒ നേതാവിനെ വിദേശകാര്യമന്ത്രി അറിയിച്ചു. ജറൂസലം ആസ്ഥാനമാക്കി 1967ലെ അതിർത്തികൾ പ്രകാരമുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്ര സംസ്ഥാപനത്തെ ഖത്തർ പിന്തുണക്കുന്നു. സമാധാന ശ്രമങ്ങളിലൂടെ മേഖലയിൽ സുസ്ഥിര സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.ഫലസ്തീൻ പ്രവിശ്യകളിലെ ഇസ്രായേൽ ആക്രമണത്തിനെതിരെയും ഗസ്സയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുമുള്ള ഖത്തറിെൻറ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും നന്ദി അറിയിക്കുന്നുവെന്നും പി.എൽ.ഒ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. സാഇബ് ഇറാകാത്ത് പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തിനും ജനതക്കുമുള്ള ഖത്തറിെൻറ മേഖല–അന്തർദേശീയതല പിന്തുണക്ക് പ്രശംസയുമായി നേരത്തേ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യ രംഗത്തെത്തിയിരുന്നു.ഖത്തറിെൻറ പിന്തുണ ഫലസ്തീൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും കഴിഞ്ഞ കാലയളവിൽ ഫലസ്തീൻ നേരിട്ട പ്രതിസന്ധികൾക്കിടയിൽ അറബ്, ഇസ്ലാമിക രാഷ്ട്ര പദവികളിലിരുന്ന് ഖത്തർ ഫലസ്തീന് വേണ്ടി നിരന്തരം രംഗത്തുണ്ടായിരുന്നുവെന്നും ഖത്തർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഈയടുത്ത് ഹനിയ്യ പറഞ്ഞിരുന്നു. ആഭ്യന്തരരംഗത്തും വൈദേശിക തലത്തിലും ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യം കൂടിയാണ് ഖത്തർ.
ഫലസ്തീനുവേണ്ടിയുള്ള ഖത്തറിെൻറ സാമ്പത്തിക സഹായം അന്ന് മുതൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്തീന് നൽകിക്കഴിഞ്ഞു. ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.ഖത്തറിനെതിരായ അന്യായമായ ഉപരോധം മേഖലയുടെ താൽപര്യം മുൻനിർത്തി അടിയന്തരമായി പിൻവലിക്കണമെന്നാണ്ഫലസ്ത്വീൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.