മനാമ: ബഹ്‌റൈനിലെ കത്തോലിക്കാ വിശ്വാസികൾക്ക് സ്വപ്ന സാക്ഷാൽക്കാരമായി ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ വിശ്വാസികൾക്ക് മുന്നിൽ മാർപാപ്പ കുർബാന അർപ്പിച്ചത് ബഹ്‌റൈനും നവ്യാനുഭവമായി.
രാവിലെ 8.15ഓടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്റ്റേഡിയത്തിൽ എത്തിയത്. തുടർന്ന് പോപ്പ് മൊബീലിൽ സ്റ്റേഡിയത്തിനു വലംവെച്ച മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസികൾക്കിടയിൽനിന്നു ഉയർത്തി നൽകിയ കുഞ്ഞുങ്ങൾക്ക് മാർപാപ്പ സ്നേഹ ചുംബനം നൽകി അനുഗ്രഹിച്ചു. ആരവങ്ങൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ കൈവീശി കടന്നുപോയ മാർപാപ്പ വിവിധ ഭാഷക്കാരും ദേശക്കാരുമായ ആയിരങ്ങൾക്ക് സമ്മാനിച്ചത് സ്വപ്ന തുല്യമായ അസുലഭ മുഹൂർത്തം.
മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ലോഗോ പതിച്ച വെളുത്ത തൊപ്പിയണിഞ്ഞു പേപ്പൽ പതാക വീശിയാണ് വിശ്വാസികൾ മാർപാപ്പയെ എതിരേറ്റത്. കുർബാനയുടെ ഭാഗമായി മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും പ്രാർത്ഥനകൾ ഉയർന്നു. കേരളത്തിൽ നിന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും കുർബാനയിൽ പങ്കെടുത്തു.
പുലർച്ചെ രണ്ട് മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ എത്തിയ വിശ്വാസികളെ സുരക്ഷാ പരിശോധനക്ക് ശേഷം ബസുകളിലാണ് സ്റ്റേഡിയത്തിൽ എത്തിച്ചത്. അടിയന്തര വൈദ്യ സേവനത്തിനുള്ള സജ്ജീകരണങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.
28000 പേരാണ് മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. നാല് ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ചയാണ് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.