മനാമ: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ പൊടുന്നനെയുണ്ടായ മാറ്റം പ്രവാസലോകത്തെ നിരവധി രക്ഷിതാക്കളെയും വിദ്യാർഥികളെയും ആശങ്കയിലാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കാനും 12ാം ക്ലാസ് പരീക്ഷ നീട്ടിവെക്കാനുമാണ് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ബഹ്റൈനിലെ ആറ് സി.ബി.എസ്.ഇ സ്കൂളുകളിലായി 3000ത്തോളം വിദ്യാർഥികളാണ് പത്ത്, 12 ക്ലാസുകളിൽ പഠിക്കുന്നത്. 12ാം ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് തീരുമാനം ഏറ്റവും അധികം പ്രയാസം സൃഷ്ടിക്കുന്നത്. വിദ്യാർഥികൾക്ക് പാഠഭാഗങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ തുടർ ക്ലാസുകളെടുക്കേണ്ട അധിക ഭാരമാണ് അധ്യാപകർക്കുണ്ടാവുന്നത്. സാധാരണ ഡിസംബർ -ജനുവരിയോടെ ക്ലാസുകൾ കഴിയുന്നതാണ്. ഇത്തവണ പരീക്ഷ നീട്ടിയതിനാൽ അതിനനുസരിച്ച് ഒാൺലൈൻ ക്ലാസുകളും നീേട്ടണ്ടി വന്നു.
ഇപ്പോൾ വീണ്ടും പരീക്ഷ അനിശ്ചിതമായി നീട്ടിയതോടെ ഫലത്തിൽ രണ്ട് 12ാം ക്ലാസുകൾ ഒരേ സമയം നടക്കുന്ന സ്ഥിതിയാണെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. അതേസമയം, അധിക ഭാരം ഏറ്റെടുക്കാൻ അധ്യാപകർ സ്വമേധയാ സന്നദ്ധരായത് സന്തോഷകരമാണെന്നും വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ ഒന്നിന് സ്ഥിതിഗതികൾ വിലയിരുത്തി പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതുവരെ ഇൗ പഠന രീതി തുടരേണ്ടിവരും.
പരീക്ഷ റദ്ദാക്കിയതിനാൽ 10ാം ക്ലാസ് വിദ്യാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വമില്ല. ഇന്ത്യൻ സ്കൂളിൽ 11ാം ക്ലാസ് ഒാപ്ഷൻ രജിസ്ട്രേഷനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇൗ വിദ്യാർഥികളുടെ പത്താം ക്ലാസ് മൂല്യനിർണയം എങ്ങനെ വേണമെന്ന കാര്യത്തിൽ സി.ബി.എസ്.ഇയുടെ നിർദേശം കാത്തിരിക്കുകയാണെന്നും പ്രിൻസ് നടരാജൻ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥികൾക്കായി രണ്ട് മോഡൽ പരീക്ഷകളും പാദവാർഷിക പരീക്ഷകളും ഇതിനകം നടത്തിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ മൂല്യനിർണയം നത്താൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12ാം തരം പരീക്ഷ നീളുന്നത് തുടർപഠനത്തിന് കുട്ടികളെ നാട്ടിലയക്കുന്ന രക്ഷിതാക്കളെയും പ്രയാസത്തിലാക്കും. ചെലവുചുരുക്കലിെൻറ ഭാഗമായി കുടുംബത്തെ നാട്ടിലയക്കാൻ കാത്തിരിക്കുന്നവർ പരീക്ഷ എന്ന് നടക്കുമെന്ന് അറിയാത്തതിെൻറ ആശങ്കയിലാണ്. അതേസമയം, സി.ബി.എസ്.ഇയുടെ അറിയിപ്പ് പ്രകാരം 15 ദിവസത്തെ നോട്ടീസിെൻറ അടിസ്ഥാനത്തിൽ പരീക്ഷ നടത്താൻ ഗൾഫിലെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടുമെന്ന് ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ പറഞ്ഞു. സാധിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതാനുള്ള അനുവാദം നേടിയെടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, 12ാം ക്ലാസ് വിദ്യാർഥികളുടെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ ഇതിനകം ബഹ്റൈനിൽ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവർക്കാണ് പ്രവേശനം. ഇവർ പരീക്ഷ സെൻററിൽ എത്തുേമ്പാൾ ആൻറിജൻ ടെസ്റ്റ് കൂടി നടത്തണം. എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ആരോഗ്യമന്ത്രാലയം ഒരുക്കിയത് രക്ഷിതാക്കൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.