മനാമ: രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. ബഹ്റൈനിലെ മൂന്ന് സോണുകളിൽനിന്നായി അനേകം മത്സരാർഥികൾ പങ്കെടുത്തു. ദഫ് മുട്ട്, ഖവാലി, സൂഫി ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, പ്രബന്ധം, കഥ- കവിതരചന, മാഗസിൻ ഡിസൈൻ തുടങ്ങിയ 67 ഇന മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു. ആർ.എസ്.സിയുടെ ഘടകങ്ങളായ യൂനിറ്റിലെ മത്സരം കഴിഞ്ഞ് സെക്ടറിലും ശേഷം സോണിലും ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് പാകിസ്താൻ ക്ലബിൽ രണ്ട് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
361 പോയന്റുകൾ നേടി മുഹറഖ് സോൺ സാഹിത്യോത്സവ് ജേതാക്കളായി. 311 പോയന്റുകൾ നേടിയ മനാമ സോൺ രണ്ടാം സ്ഥാനത്തിനും 242 പോയന്റുകൾ നേടിയ റിഫ സോൺ മൂന്നാം സ്ഥാനത്തിനും അർഹരായി. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സും പ്രാർഥനയും സാഹിത്യോത്സവ് വേദിയിൽ നടന്നു. സാംസ്കാരിക സമ്മേളനം സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹക്കീം സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സുപ്രീം സുന്നി ശരീഅ കോടതിയിലെ ചീഫ് ജസ്റ്റിസ് ഡോ. ഇബ്രാഹിം റാഷിദ് അൽ മുറൈഖി മുഖ്യാതിഥിയായിരുന്നു.
മർകസ് പി.ആർ. മർസൂഖ് സഅദി പാപ്പിനിശ്ശേരി സന്ദേശ പ്രഭാഷണം നടത്തി. ശൈഖ് മുഹ്സിൻ ബഹ്റൈൻ, അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, ഗഫൂർ കൈപ്പമംഗലം, അസീസ് ഏഴംകുളം, പ്രവീൺ കൃഷ്ണ, നിസാർ കൊല്ലം, ജമാൽ വിട്ടൽ, അബൂബക്കർ ലത്വീഫി, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹീം സഖാഫി വരവൂർ, വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. ഐ.സി.എഫ് നേതാക്കളായ വി.പി.കെ. അബൂബക്കർ ഹാജി, റഫീഖ് ലതീഫി വരവൂർ, ഷാനവാസ് മദനി, ഷമീർ പന്നൂർ, നൗഫൽ മയ്യേരി, മമ്മൂട്ടി മുസ്ലിയാർ, ഷിഹാബുദ്ധീൻ സിദ്ദീഖി, മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം എന്നിവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ബാഫഖി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. കലാലയം സെക്രട്ടറി റഷീദ് തെന്നല സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.മനാമ പാകിസ്താൻ ക്ലബിൽ ഉച്ചക്ക് ഒരു മണി മുതൽ രണ്ടു വേദികളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ആർ.എസ്.സി ചെയർമാൻ മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ ദഅവ സെക്രട്ടറി അബ്ദുസ്സമദ് കാക്കടവ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അസീസ് ചെറുമ്പ, അബ്ദുല്ല രണ്ടത്താണി, ജാഫർ ശരീഫ്, ജാഫർ പട്ടാമ്പി, സുനീർ നിലമ്പൂർ, അഷ്ഫാഖ് മണിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.