മനാമ: പ്രവാസി വെൽഫെയർ മനാമ സോൺ പുനഃസംഘടിപ്പിച്ചു. അബ്ദുല്ല കുറ്റ്യാടി പ്രസിഡന്റായും റാഷിദ് കോട്ടക്കൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അനസ് കാഞ്ഞിരപ്പള്ളി വൈസ് പ്രസിഡന്റ്, അനിൽ കുമാർ തിരുവനന്തപുരം അസി. സെക്രട്ടറി, ജാഫർ പൂളക്കൽ ഓർഗനൈസിങ് സെക്രട്ടറി, സജീബ് ട്രഷറർ, സഫീർ പ്രവാസി സെൻറർ സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ. അസ്ലം വേളം, ബഷീർ വൈക്കിലശ്ശേരി, ഹരിലാൽ, റാസിഖ്, മുസ്തഫ, ലത്തീഫ് കടമേരി, മൻസൂർ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഗണ്യമായ സംഭാവന നൽകുന്ന പ്രവാസികളെയും പ്രവാസി സംരംഭകരെയും പ്രവാസി നിക്ഷേപങ്ങളെയും ചുവപ്പുനാടയുടെ സങ്കീർണതകൾ ഇല്ലാതാക്കി പ്രോത്സാഹിപ്പിക്കാൻ സർക്കാറുകൾ ശ്രദ്ധചെലുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി ആവശ്യപ്പെട്ടു.
പ്രവാസി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയും അവരുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാറുകൾക്കുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സന്ദർശകവിസയിൽ വരുന്നവർ ജോലിചെയ്യാൻ പാടില്ല എന്നത് ഇവിടത്തെ നിയമമാണ് എന്നിരിക്കെ അവിദഗ്ധ തൊഴിലാളികൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി സന്ദർശകവിസയിൽ കൊണ്ടുവന്ന് ജോലി എടുപ്പിക്കുകയും പിന്നീട് നിയമകുരുക്കുകളിൽപെട്ട് പ്രയാസപ്പെടുകയും ചെയ്യുന്ന കാഴ്ച സർവസാധാരണമാണ്. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകൾ ധാരാളമുണ്ട്.
ഇക്കാര്യത്തിൽ പുതുതായി ജോലിക്ക് പോകുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ സർക്കാറിന് കീഴിൽ സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണൽ പ്രസിഡന്റ് നൗമൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.