മനാമ: പൊതുമാപ്പ് ലഭിച്ച് ബഹ്റൈനിലെ ഡിപ്പോർട്ടേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ 27 മലയാളികൾ നാട്ടിലെത്തി. വന്ദേഭാരത് ദൗത്യത്തിൽ ശനിയാഴ്ച കോഴിക്കോേട്ടക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിലാണ് ഇവർ നാടണഞ്ഞത്. നിയമപരവും സാങ്കേതികവുമായ പലതരം കാരണങ്ങളാൽ നാളുകളായി ഡിപ്പോർട്ടേഷൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു ഇവർ. അപ്രതീക്ഷിതമായി കോവിഡ് എത്തിയതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. തുടർന്ന്, ഇവരുടെ പ്രയാസങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും ഇന്ത്യൻ എംബസിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, എം.പിമാരായ ഡോ. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരും നടത്തിയ കൂട്ടായ പരിശ്രമത്തിെൻറ ഫലമായാണ് ഇവരുടെ യാത്ര സാധ്യമായതെന്നും പി.വി. രാധാകൃഷ്ണ പിള്ളയും സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.
നാട്ടിലെത്തുന്ന വിവിധ ജില്ലക്കാരായ യാത്രക്കാരെ അവരവരുടെ പ്രദേശങ്ങളിൽ എത്തിക്കാനുള്ള വാഹന സൗകര്യവും നോർക്ക എർപ്പെടുത്തിയിരുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. ഇനി നാല് മലയാളികൾ കൂടി നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നുണ്ട്. ഇവർക്കൊപ്പം ഇതര സംസ്ഥാനക്കാരായ ചിലരുമുണ്ട്. അടുത്തദിവസം തന്നെ ഇവരുടെ യാത്രയും സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.