മനാമ: യുവാക്കൾക്കിടയിൽ അറബി ഭാഷാ പ്രയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’ എന്ന സംരംഭവുമായി ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്. വാർത്താ വിതരണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ബഹ്റൈൻ റൈറ്റേഴ്സ് അസോസിയേഷൻ, വിസ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ഇതിന്റെ ഭാഗമായി, ചെറുകഥാമത്സരം സംഘടിപ്പിക്കും.
13 മുതൽ 18 വരെ വയസ്സുള്ള സ്വദേശികൾക്കായാണ് മത്സരം. പങ്കെടുക്കുന്ന യുവാക്കൾ സമർപ്പിക്കുന്ന എൻട്രികൾ പിന്നീട് ഒരു ജഡ്ജിങ് പാനൽ അവലോകനം ചെയ്യും. തുടർന്ന് പൊതുജനങ്ങൾക്ക് ഇഷ്ടപ്പെട്ട കഥകൾക്ക് ഓൺലൈൻ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും. വിജയികളെ പ്രഖ്യാപിക്കുന്നത് പ്രത്യേക പരിപാടിയിലായിരിക്കും. മികച്ച 10 കഥകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കും. സംരംഭത്തിന്റെ അവസാന ഘട്ടത്തിൽ ലോക അറബിക് ഭാഷാ ദിനത്തോട് അനുബന്ധിച്ച് പങ്കെടുക്കുന്നവരുടെ സർഗാത്മക സൃഷ്ടികൾ പ്രദർശിപ്പിക്കും.
അറബി ഭാഷയും ദേശീയ സ്വത്വവും ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ശ്രമമാണിതെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും അറബിയോടുള്ള ആഴമായ വിലമതിപ്പ് വളർത്തിയെടുക്കുന്നതിലും ഈ സംരംഭം വഴി സാധിക്കുമെന്ന് ബഹ്റൈൻ ഇസ്ലാമിക് ബാങ്ക് ആക്ടിങ് സി.ഇ.ഒ. ഫാത്തിമ അൽ അലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.