മനാമ: മലയാളി നന്മയെ ലോകം വാഴ്ത്തിയ റഹീമിന്റെ മോചന വഴിയിൽ കെ.എം.സി.സി ബഹ്റൈനും 18 ലക്ഷം രൂപയാണ് 24 മണിക്കൂർ കൊണ്ട് ബഹ്റൈനിലെ പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചത്.
എം.പി. അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനുള്ള ധനസമാഹരണത്തിൽ കെ.എം.സി.സി ബഹ്റൈനും കൈകോർക്കുന്നു എന്ന പ്രചാരണവുമായാണ് കെ.എം.സി.സി കാമ്പയിൻ ഒറ്റ ദിവസംകൊണ്ട് വിജയിപ്പിച്ചത്.
പ്രസിഡന്റ് ഹബീബ് റഹ്മാന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഈദ് ഹദിയ (പെരുന്നാൾ സമ്മാനം) റഹീമിന്റെ ജയിൽ മോചനത്തിനായി നീക്കിവെക്കണം എന്നഭ്യർഥിച്ച് വിഡിയോ സന്ദേശവും തുടർ അഭ്യർഥനയും നടത്തി.
കൂടാതെ പ്രവർത്തകരുടെ ഏകോപനവും നടന്നപ്പോൾ കെ.എം.സി.സി ബഹ്റൈൻ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിക്കുകയായിരുന്നു. സമാഹരിച്ച തുക യഥാസമയംതന്നെ അയച്ചുകൊടുത്തു.
പ്രവാസിയായ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അതുവഴി വൃദ്ധയായ ഒരു മാതാവിന്റെ കണ്ണീർ തുടക്കാനും കേരളം ഒന്നിച്ച ഈ മഹാദൗത്യത്തിൽ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയും സഹകരിച്ചവർക്കുള്ള നന്ദിയും കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.