മനാമ: ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ. കുട്ടിയുടെ (33) മരണം ബഹ്റൈനിലുള്ള സുഹൃത്തുക്കൾക്കും കണ്ണീർ നോവായി. ബഹ്റൈനിൽ ജനിച്ചു വളർന്ന രാഹുൽ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഓൺലൈൻ കൂട്ടായ്മയായ ഈറ്റ് കൊച്ചി ഈറ്റിലൂടെയാണ് രാഹുൽ പ്രശസ്തനായത്. കഴിഞ്ഞ ദിവസവും രാഹുൽ വിഡിയോ ചെയ്തിരുന്നു.
ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ളതായിരുന്നു ആ വിഡിയോ. ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന മാടവന ഉദയത്തുംവാതിൽ കിഴിക്കേ കിഴവന നാരായണൻ കുട്ടിയുടെ മകനാണ്. മനാമക്കടുത്ത് റാസൽമെയിലാണ് നാരായണൻ കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ബഹ്റൈനിലുണ്ടായിരുന്നപ്പോൾ രാഹുൽ വിഡിയോ എഡിറ്റിങ്ങിലും മറ്റും കമ്പം കാണിച്ചിരുന്നതായി സുഹൃത്തുക്കൾ ഓർമിക്കുന്നു. വ്യത്യസ്ത രുചികളിലും വലിയ താൽപര്യമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനാർഥമാണ് നാട്ടിൽ പോയത്. അതിനുശേഷം കുറെക്കാലം ബഹ്റൈനിൽ ജോലി നോക്കുകയും ചെയ്തു.
ശരീരഭാരം കുറക്കാനായി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ദീർഘകാലത്തെ ബന്ധം കൊണ്ടുതന്നെ നിരവധി സുഹൃത്തുക്കളും ഇവിടെയുണ്ടായിരുന്നു. 2015ലാണ് ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റി തുടങ്ങിയത്.
ഭക്ഷണപ്രേമികൾക്കെല്ലാം സുപരിചിതമായ പേരായിരുന്നു രാഹുൽ എൻ. കുട്ടി എന്നത്. അടുത്തിടെ രാഹുൽ പനമ്പള്ളി നഗറിൽ പാർട്ണർഷിപ്പിൽ കോഫി ഷോപ് തുടങ്ങിയിരുന്നു.മാതാവ്: ഷൈലജ മേനോൻ. ഭാര്യ: ശ്രീപ്രിയ. മകൻ: ഇഷിത്. സഹോദരൻ: രോഹിത് ദുബൈയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.