ശരീരത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും വിശുദ്ധിയുടെ നാളുകളായ റമദാന്റെ മഹത്വം കൂടുതലായി അറിഞ്ഞത് പ്രവാസ ജീവിതത്തിലാണ്. അതിനുമുമ്പ് റമദാന്റെ പ്രത്യേകതകൾ മനസ്സിലാക്കിത്തന്നത് സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന സമയമാണ്. അന്ന് എനിക്ക് നല്ലൊരു മുസ്‍ലിം സുഹൃത്ത് ഉണ്ടായിരുന്നു.
പറഞ്ഞുവന്നാൽ അദ്ദേഹം എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കളെ ഞാൻ പഠിപ്പിച്ചതാണ്. റമദാനിലെ ഒരുദിവസം ഞാൻ ക്ഷണിതാവായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഏതാണ്ട് ഉച്ചക്കുശേഷമാണ് അവിടെ എത്തിയത്.
അവർ നോമ്പുതുറ നടത്താൻ വേണ്ട ഒരുക്കങ്ങൾ ചെയ്യുകയാണ്.
അവിടെ ഉണ്ടാക്കിയ പലഹാരങ്ങളും അവർ തയാറാക്കിയ മധുര പാനീയവും ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു. മധുര മിഠായിയുടെ കലവറ തന്നെ തുറന്നു. എല്ലാത്തിന്റെയും പേരുകളും അവർ എന്നോടുപറഞ്ഞു. സത്യത്തിൽ അങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. എല്ലാത്തിനും മീതെ മധുരവും അല്പം പുളിയും നിറഞ്ഞ പാനീയം എത്തി. ഏലക്ക മുതൽ ഗുലാബ് മിൽക്ക് വരെയും പഴം മുതൽ മുന്തിരിച്ചാർ വരെയും അതിലുണ്ട്.
എല്ലാം കൂടെ പാലിൽ ചേർത്താണ്. അത് കുടിച്ചാൽ ശരീരത്തിന്റെ എല്ലാ ക്ഷീണവും മാറും. റോസ് നിറമുള്ള ആ പാനീയം ആദ്യമായിട്ടായിരുന്നു. അതുപോലെ പലഹാരങ്ങൾ... ഗുജിയ, റസ്മലായി, മാൽപുവ, എല്ലാത്തിനും മീതെ ഗാജറിന്റെ ഹൽവ.
നോമ്പ് തുറന്നതിന് ശേഷമുള്ള നമസ്കാരം കഴിഞ്ഞ് ഞങ്ങൾ സംസാരിച്ച വിഷയം വിശുദ്ധ പുസ്തകങ്ങളിലെ ആശയങ്ങളായിരുന്നു.
എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാനും അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങൾ അദ്ദേഹവും സംസാരിച്ചു. അവിടെ സംസാരത്തിൽ സ്നേഹമുണ്ടായിരുന്നു, പരസ്പര ബഹുമാനമുണ്ടായിരുന്നു. മാനത്ത് തെളിഞ്ഞ നിലാവും ഞങ്ങളുടെ കപ്പിലെ സുലൈമാനിയും സംസാരത്തിന് സാക്ഷിയായി. മനോഹരമായ ആശയ വിനിമയത്തിൽനിന്ന് നോമ്പിനെപ്പറ്റി ഒരുപാട് അറിവുകൾ അവിടെ ലഭിക്കാൻ ഇടയായി.
സ്നേഹമാണ്, പരസ്പര ബഹുമാനമാണ് മനുഷ്യരായ നമ്മൾക്ക് എന്നും അത്യാവശ്യം. ഇടുങ്ങിയ ചിന്തകൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് മനുഷ്യർ തെറ്റുകളിലേക്ക് പോകുന്നത്.
വായനക്കാർക്ക് എഴുതാം
'റമദാൻ നൊസ്റ്റാൾജിയ'യിലേക്ക് വായനക്കാർക്കും എഴുതാം. റമദാൻ ഓർമ്മകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന
ഇ-മെയിൽ വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.